റാഫയിൽ വ്യോമാക്രമണം: 18 കുട്ടികൾ ഉൾപ്പെടെ 22 പേർ കൊല്ലപ്പെട്ടു
Monday, April 22, 2024 12:17 AM IST
ഗാസ: തെക്കൻ ഗാസ നഗരമായ റാഫയിൽ വ്യോമാക്രമണം തുടർന്ന് ഇസ്രയേൽ. ശനിയാഴ്ച രാത്രിയിലുണ്ടായ ആക്രമണത്തിൽ 14 കുട്ടികൾ ഉൾപ്പെടെ 22 പേർ കൊല്ലപ്പെട്ടു. ഗാസയിൽ ഭക്ഷണം വിതരണം ചെയ്യുന്ന അമേരിക്ക ഇസ്രയേലിന് ശതകോടി ഡോളറിന്റെ സൈനിക സഹായം അനുവദിക്കാനിരിക്കേയാണ് റാഫയിൽ വ്യോമാക്രമണം കടുപ്പിച്ചിരിക്കുന്നത്.
വടക്കൻ-മധ്യ ഗാസയിൽനിന്നും പലായനം ചെയ്തെത്തിയ ആളുകൾ ഉൾപ്പെടെ തിങ്ങിപ്പാർക്കുന്ന റാഫയിൽ ഇസ്രയേൽ ദിനംപ്രതി വ്യോമാക്രമണം നടത്തുകയാണ്. അന്താരാഷ്ട്രസമ്മർദങ്ങളെത്തുടർന്ന് റാഫയിൽ കരയാക്രമണം ഇതുവരെ ആരംഭിച്ചിട്ടില്ലെങ്കിലും കനത്ത വ്യോമാക്രമണമാണ് നടക്കുന്നത്. ആദ്യത്തെ ആക്രമണത്തിൽ ഗർഭിണിയും അവരുടെ മൂന്നുവയസുള്ള കുട്ടിയും ഭർത്താവും കൊല്ലപ്പെട്ടതായി കുവൈത്തിലെ ആശുപത്രി അറിയിച്ചു. ഇവിടെയാണ് മൃതദേഹങ്ങൾ എത്തിച്ചത്.
യുവതിയുടെ ഗർഭപാത്രത്തിൽനിന്നും കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കാൻ ഡോക്ടർമാർക്കായെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഇതേ കുടുംബത്തിലെ 13 കുട്ടികളും രണ്ട് സ്ത്രീകളും രണ്ടാമത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി വീടിനുമേൽ ബോംബിട്ട് കുടുംബത്തിലെ ഒമ്പതു പേരെ ഇസ്രയേൽ കൊലപ്പെടുത്തിയിരുന്നു. അതിൽ ആറു പേർ കുട്ടികളാണ്. ഇസ്രയേൽ അധിനിവേശ വെസ്റ്റ് ബാങ്കിലും സംഘർഷം രൂക്ഷമായിട്ടുണ്ട്.