നെയ്റോബിയിൽ പ്രതിഷേധങ്ങൾ നിരോധിച്ചു
Friday, July 19, 2024 12:04 AM IST
നെയ്റോബി: കെനിയൻ തലസ്ഥാനമായ നെയ്റോബിയുടെ ഹൃദയഭാഗത്തും പരിസരപ്രദേശങ്ങളിലും പ്രതിഷേധപ്രകടനങ്ങൾ നിരോധിച്ച് പോലീസ് ഉത്തരവിറക്കി.
ഒരുമാസം മുന്പു തുടങ്ങിയ സർക്കാർവിരുദ്ധ പ്രക്ഷോഭം കെട്ടടങ്ങാത്ത പശ്ചാത്തലത്തിലാണ് നടപടി. പ്രകടനങ്ങൾ പലപ്പോഴും സംഘർഷത്തിലാണ് കലാശിക്കാറ്. കുറഞ്ഞത് 50 പേർ കൊല്ലപ്പെടുകയും 413 പേർക്കു പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
നികുതിവർധനയ്ക്കുള്ള നീക്കം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞമാസം 18നാണ് പ്രതിഷേധം ആരംഭിച്ചത്. യുവാക്കളാണ് നേതൃത്വം നല്കുന്നത്. നെയ്റോബിയിലെ ഉഹുറു ചത്വരമാണ് പ്രതിഷേധങ്ങളുടെ കേന്ദ്രം. രാജ്യത്തെ മറ്റിടങ്ങളിലും പ്രകടനങ്ങൾ നടക്കുന്നുണ്ട്.
നികുതിവർധനാ നീക്കം പിൻവലിക്കാനും കാബിനറ്റ് പിരിച്ചുവിടാനും പ്രസിഡന്റ് വില്യം റൂട്ടോ തയാറായിരുന്നു. പ്രതിഷേധക്കാർക്കു നേർക്കുള്ള അക്രമത്തിന്റെ പേരിൽ പോലീസ് മേധാവി രാജിവയ്ക്കുകയും ചെയ്തു. എന്നാൽ വില്യം റൂട്ടോയുടെ രാജി ആവശ്യപ്പെട്ട് പ്രകടനങ്ങൾ തുടരുകയാണ്.