സാഹിത്യ നൊബേൽ ഹാൻ കാംഗിന്
Friday, October 11, 2024 3:01 AM IST
സ്റ്റോക്ക്ഹോം: സാഹിത്യത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം ദക്ഷിണകൊറിയൻ എഴുത്തുകാരി ഹാൻ കാംഗിന്.
""ചരിത്രപരമായ സംഘർഷങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യജീവിതത്തിന്റെ ദുർബലസ്വഭാവത്തെ തുറന്നുകാട്ടുകയും ചെയ്യുന്ന തീക്ഷ്ണമായ കാവ്യാത്മക ഗദ്യം'' എന്നാണു കാംഗിന്റെ എഴുത്തിനെ നൊബേൽ കമ്മിറ്റി വിശേഷിപ്പിച്ചത്. ഇവർ രചിച്ച ‘ദി വെജിറ്റേറിയൻ’ എന്ന നോവൽ 2016ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് നേടിയിരുന്നു.
നൊബേൽ പുരസ്കാരം നേടുന്ന രണ്ടാമത്തെ ദക്ഷിണ കൊറിയക്കാരിയാണ് അന്പത്തിമൂന്നുകാരിയായ കാംഗ്.
ദക്ഷിണകൊറിയൻ നോവലിസ്റ്റ് ഹാൻ സെംഗ് വോണിന്റെ മകളാണ് കാംഗ്. 1993ലാണ് കാംഗിന്റെ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചത്. തുടക്കത്തിൽ കവിതകളാണ് എഴുതിയിരുന്നത്. 1998ൽ ആദ്യ നോവൽ "ബ്ലാക്ക് ഡീയർ’ പുറത്തിറങ്ങി. കാംഗിന്റെ കൃതികൾ വിവിധ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
"ഹ്യൂമൻ ആക്ട്സ്’എന്ന നോവൽ 2018ൽ ഇന്റർനാഷണൽ ബുക്കർ പുരസ്കാരത്തിന്റെ അന്തിമപട്ടികയിൽ ഇടം നേടി. സാഹിത്യ നൊബേൽ പുരസ്കാരം നേടിയ പതിനേഴാമത്തെ വനിതയാണ് കാംഗ്; ആദ്യത്തെ ദക്ഷിണകൊറിയക്കാരിയും. 2022ൽ ഫ്രഞ്ച് എഴുത്തുകാരി അന്നീ ഏർണോ സാഹിത്യ നൊബേൽ നേടിയിരുന്നു.
സമാധാനത്തിനുള്ള നൊബേൽ ഇന്നും സാന്പത്തികശാസ്ത്രത്തിനുള്ള പുരസ്കാരം 14നും പ്രഖ്യാപിക്കും.