പ്രളയത്തില്‍പ്പെട്ട വാഹനങ്ങള്‍ക്ക് സര്‍വീസുകളുമായി മെഴ്സിഡസ്-ബെന്‍സ്
Wednesday, August 14, 2019 11:56 PM IST
കൊച്ചി: ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്സിഡസ്-ബെന്‍സ് വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ഉപയോക്താക്കള്‍ക്ക് ആശ്വാസവുമായി നിരവധി സേവനങ്ങള്‍ ലഭ്യമാക്കും. കൊച്ചി, കോഴിക്കോട്, കോലാപുര്‍, സാംഗ്ലി, വഡോദര തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് സേവനം. ഈ നഗരങ്ങളിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്കത്തില്‍പ്പെട്ട വാഹനങ്ങള്‍ക്ക് അടിയന്തര പരിശോധന നടത്താനായി പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചിട്ടുണ്ട്.
കേരളം, പശ്ചിമ മഹാരാഷ്ട്ര, വടക്കന്‍ കര്‍ണാടക തുടങ്ങിയ സ്ഥലങ്ങളിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 48.60 ലക്ഷം രൂപയും കന്പനി പ്രഖ്യാപിച്ചു.
ഇന്‍ഷ്വറന്‍സ് നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ഡെയിംലര്‍ ഫിനാന്‍ഷല്‍ സര്‍വീസസ് (ഡിഎഫ്എസ്) ഇന്ത്യയുടെ സേവനങ്ങള്‍ ലഭ്യമാണ്. ഡിഎഫ്എസ് ഇന്ത്യ ടീം തന്നെ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കാറിന്റെ അവസ്ഥ വിലയിരുത്തും.ക്ലെയിമുകള്‍ വേഗത്തില്‍ ലഭ്യമാകാന്‍ ഇത് ഉപയോക്താക്കള്‍ക്ക് സഹായമാകുമെന്ന് കന്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.