പാതാള പൂന്താരകന്; മത്സ്യകുടുംബത്തിലെ പുതിയ താരം
Thursday, October 10, 2019 12:19 AM IST
കൊച്ചി: കേരളത്തില്‍നിന്ന് പുതിയൊരു ഭൂഗര്‍ഭ മത്സ്യ ഇനത്തെ കൂടി കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയിലെ (കുഫോസ്) ഗവേഷകര്‍ കണ്ടെത്തി. ഇല് ലോച്ച് (പൂന്താരകന്) വര്‍ഗത്തില്‍പെട്ട പുതിയ മത്സ്യത്തിന് ‘പാജിയോ ഭുജിയോ’ (പാതാള പൂന്താരകന്) എന്നാണ് പേരിട്ടിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ചേരിഞ്ചാലില്‍ ആറ് മീറ്റര്‍ ആഴമുള്ള കിണറ്റില്‍ നിന്നാണ് പുതിയ മത്സ്യത്തെ കണ്ടെത്തിയത്.
തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നല്ല കുത്തൊഴുക്കുള്ള ശുദ്ധജല അരുവികളിലാണ് ഇല് ലോച്ച് മത്സ്യങ്ങൾ സാധാരണയായി കാണപ്പെടുന്നത്. ഭൂഗര്‍ഭ ജലഅറയില്‍ വസിക്കുന്ന ഇല്‍ലോച്ചിനെ കണ്ടെത്തുന്നത് ലോകത്ത് ആദ്യമായാണന്നു പഠനത്തിന് നേതൃത്വം നല്കിയ കുഫോസ് ശാസ്ത്രജ്ഞന് ഡോ.രാജീവ് രാഘവന് പറഞ്ഞു. ഡോ. രാജീവ് രാഘവന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം ജനുവരിയയില്‍ മലപ്പുറത്തുനിന്ന് എനിഗമചന്ന ഗൊല്ലം എന്ന ഭൂഗര്‍ഭ വരാലിനെ ആദ്യമായി കണ്ടെത്തിയിരുന്നു.
ചേരിഞ്ചാലിലെ മത്സ്യ നിരീക്ഷകനായ വിഷ്ണുദാസ് ആണ് പാജിയോ ഭുജിയ എന്ന ഈ മത്സ്യത്തെ ആദ്യമായി കണ്ടതും കുഫോസ് ഗവേഷണ സംഘത്തെ വിവരം അറിയിച്ചതും. കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു ഇത്. തുടര്‍ന്ന് ഡോ. രാജീവ് രാഘവന്റെ നേതൃത്വത്തില്‍ കുഫോസിലെ ഗവേഷകര്‍ക്കൊപ്പം പൂനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് എഡ്യൂക്കേഷന്‍ റിസര്‍ച്ച്, ലണ്ടനിലെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരുടെ സംഘവും കണ്ണൂരിലെ അവേര്‍നെസ് ആന്‍ഡ് റസ്ക്യൂസെന്ററിലെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഇത് പാജിയോ ജനുസിലെ പുതിയ മത്സ്യ ഇനമാണെന്ന് സ്ഥിരീകരിച്ചത്.
മത്സ്യങ്ങളുടെ പരിണാമചക്രത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഈ മത്സ്യത്തെക്കുറിച്ച് ആഴത്തിലുള്ള മോളിക്യുലാര്‍ പഠനത്തിലൂടെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുഫോസിലെ ഗവേഷകര്‍. ഡോ. രാജീവ് രാഘവന് പുറമേ വി.കെ. അനൂപ്, സി.പി. അര്ജുന്, ഡോ. റാല്‍ഫ് ബ്രിറ്റ്സ്, നീലീഷ് ദനാഹുകര്‍ എന്നിവരാണ് പഠനസംഘത്തില്‍ ഉണ്ടായിരുന്നത്.
മലബാര്‍ മേഖലയിലെ ചെങ്കല്ലുകളുടെ ഇടയിലുള്ള ഭൂഗര്‍ഭ ജല അറകളില്‍ ഇനിയും ലോകത്തിന് ഇതുവരെ അറിയാത്ത മത്സ്യ ഇനങ്ങള്‍ ഉണ്ടാകാം എന്നാണ് കുഫോസിലെ ഗവേഷകരുടെ അനുമാനം.