ഉപദേശകസമിതിയിൽ 3 പേർ കൂടി
Thursday, October 17, 2019 11:58 PM IST
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ സാന്പത്തിക ഉപദേശകസമിതി (പിഎംഇഎസി) വികസിപ്പിച്ചു. മൂന്നു പാർട്ട് ടൈം അംഗങ്ങളെയാണ് ഇപ്പോൾ ഉൾപ്പെടുത്തിയത്. ഇതോടെ സമിതിയിൽ ഏഴുപേരായി.
ക്രെഡിറ്റ് സ്വിസ് എന്ന നിക്ഷേപബാങ്കിന്റെ ഓഹരിനിക്ഷേപ വിദഗ്ധൻ നീലകണ്ഠ മിശ്ര, കൊട്ടക് മഹീന്ദ്ര അസറ്റ് മാനേജ്മെന്റ് കന്പനിയുടെ മാനേജിംഗ് ഡയറക്ടർ നിലേഷ് ഷാ, ആന്ധ്രപ്രദേശിലെ ശ്രീസിറ്റിയിലുള്ള ഐഎഫ്എംആർ ഗ്രാജ്വേറ്റ് സ്കൂൾ ഓഫ് ബിസിനസിലെ ഡീൻ അനന്തനാഗേശ്വർ എന്നിവരാണു പുതിയ അംഗങ്ങൾ.
ബിബേക് ദേബ്റോയിയാണു സമിതി അധ്യക്ഷൻ. മുൻ ധനകാര്യ സെക്രട്ടറി രത്തൻ വട്ടൽ മെംബർ സെക്രട്ടറിയാണ്. ജെപി മോർഗനിലെ ഇന്ത്യ ഇക്കണോമിസ്റ്റ് സാജിദ് ചിനോയ്, ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് റിസർച്ചിലെ ഡോ.അഷിമ ഗോയൽ എന്നിവർ പാർട്ട് ടൈം അംഗങ്ങളാണ്.
മോദി സർക്കാരിന്റെ നയങ്ങളെ വിമർശിച്ചിരുന്ന രഥിൻ റോയ്, ശമികാ രവി എന്നീ ധനശാസ്ത്രജ്ഞരെ ഒരു മാസം മുൻപാണു സമിതിയിൽനിന്ന് ഒഴിവാക്കിയത്.