കേന്ദ്രത്തിന്റെ നികുതിവരുമാനത്തിൽ വരുന്ന കുറവ് രണ്ടുലക്ഷം കോടി രൂപ
Monday, October 21, 2019 10:46 PM IST
ന്യൂഡൽഹി: സാന്പത്തിക വളർച്ചത്തോത് കുറഞ്ഞത് കേന്ദ്രസർക്കാരിന്റെ നികുതി വരുമാനത്തിൽ വലിയ കുറവുണ്ടാക്കും. മൊത്തം നികുതിവരുമാനത്തിൽ രണ്ടുലക്ഷം കോടി രൂപ കുറയുമെന്നാണു ധനമന്ത്രാലയം തന്നെ കണക്കുകൂട്ടുന്നത്. ഇക്കാര്യം മന്ത്രാലയം 15-ാം ധനകാര്യ കമ്മീഷനെ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇക്കൊല്ലത്തെ കേന്ദ്ര ബജറ്റ് മൊത്തം നികുതിവരുമാനമായി കണക്കാക്കിയത് 24.6 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വർഷവും മൊത്ത നികുതിവരവ് ലക്ഷ്യത്തിലും കുറവായിരുന്നു. 2018-19 ലേക്ക് 22.7 ലക്ഷം കോടി കണക്കാക്കിയ സ്ഥാനത്തു ലഭിച്ചത് 20.8 ലക്ഷം കോടി രൂപ മാത്രം.
2019-20 ലേക്കു പ്രതീക്ഷിക്കുന്ന മൊത്ത നികുതിവരുമാനമായ 24.6 ലക്ഷം കോടി രൂപയിൽ 17.05 ലക്ഷം കോടിയാണു കേന്ദ്രത്തിനുള്ളത്. ബാക്കി 8.45 ലക്ഷം കോടി സംസ്ഥാനങ്ങളുടെ വിഹിതവും നഷ്ടപരിഹാരവും ഒക്കെ ചേർന്നതാണ്.
നികുതിവരവ് രണ്ടുലക്ഷം കോടി കുറഞ്ഞാൽ കേന്ദ്രത്തിനുള്ള നികുതി വിഹിതം 15.1 ലക്ഷം കോടി രൂപയായി കുറയും. ഇതുവഴി ധനകമ്മി ജിഡിപിയുടെ 3.3 ശതമാനത്തിൽനിന്നു നാലുശതമാനമായി കൂടും. കമ്മി പിടിച്ചുനിർത്താൻ റിസർവ് ബാങ്കിൽനിന്നുള്ള വിഹിതം വർധിപ്പിക്കാനും പൊതുമേഖലാ ഓഹരി വില്പന കൂട്ടാനും കേന്ദ്രം നടപടിയെടുത്തിട്ടുണ്ട്.
നികുതി വരവ് ലക്ഷ്യം ഇങ്ങനെ
2019-20 ലെ കേന്ദ്ര ബജറ്റിൽ വിവിധ നികുതികളിൽ ലക്ഷ്യമിട്ട വരുമാനം (കോടി രൂപ)
കന്പനി നികുതി 7,60,000
ആദായ നികുതി 6,20,000
കസ്റ്റംസ് ഡ്യൂട്ടി 1,45,388
എക്സൈസ് ഡ്യൂട്ടി 2,59,600
ജിഎസ്ടി 7,61,200