വ്യാജന്മാർക്കെതിരേ ഗൂഗിളിന്റെ പ്രതിരോധമുന്നണി!
Thursday, November 7, 2019 11:58 PM IST
സാൻഫ്രാൻസിസ്കോ: പ്ലേ സ്റ്റോറിലെ വില്ലൻ ആപ്പുകളെ നേരിടാൻ പ്രതിരോധമുന്നണി പ്രഖ്യാപിച്ചു ടെക് വന്പൻ ഗൂഗിൾ. മൊബൈൽ സെക്യൂരിറ്റി സ്ഥാപനങ്ങളായ ഇസെറ്റ് (ഇഎസ്ഇടി), ലുക്ക് ഒൗട്ട്, സിംപേരിയം എന്നിവയാണ് പ്ലേ സ്റ്റോറിലെ വ്യാജ ആപ്പുകളെ നേരിടാൻ ഗൂഗിളിനോടു സഹകരിക്കുന്നത്. ആപ് ഡിഫൻസ് എന്ന പേരിലാകും ഈ സഹകരണ മുന്നണി അറിയപ്പെടുക.
ആപ്പുകൾ പ്ലേസ്റ്റോറിലെത്തുംമുന്പു തന്നെ പരിശോധിച്ച് ഉപദ്രവകാരിയല്ലെന്ന് ഉറപ്പുവരുത്തുകയാണു ഡിഫൻസ് അലയൻസിന്റെ ലക്ഷ്യം. ഇതിനുവേണ്ടി ഇസെറ്റ് (ഇഎസ്ഇടി), ലുക്ക് ഒൗട്ട്, സിംപേരിയം എന്നീ കന്പനികൾ തങ്ങളുടെ സംവിധാനങ്ങൾ ഉപയോഗിച്ചു പ്ലേ സ്റ്റോറിലെത്താൻ ആഗ്രഹിക്കുന്ന ആപ്പുകളെ പലവട്ടം പരിശോധിക്കും. പ്രശ്നമില്ലെന്നു ബോധ്യപ്പെട്ടാലേ സ്റ്റോറിലെത്താൻ അനുവാദം കൊടുക്കൂ. ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെടുക്കുന്ന ആപ്പുകൾ പ്ലേസ്റ്റോറിലെത്തുന്ന സംഭവങ്ങൾ ഏറിവരുന്ന സാഹചര്യത്തിലാണു ഗൂഗിളിന്റെ നടപടി.
മൊബൈൽ സെക്യൂരിറ്റി രംഗത്തു മികവാർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന കന്പനികളുമായി സഹകരിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ഉപയോക്താക്കൾക്കു ദോഷം വിതയ്ക്കുന്ന ആപ്പുകളെ ഫലപ്രദമായി തടയുമെന്നും ഗൂഗിൾ പ്രസ്താവനയിൽ അറിയിച്ചു. ലോകമെന്പാടും 250 കോടി ഡിവൈസുകളിൽ ആൻഡ്രോയിഡ് ഉപയോഗിക്കുന്നതായാണ് കണക്ക്.