കാതൽമേഖല വീണ്ടും ചുരുങ്ങി; 5.8 ശതമാനം
Friday, November 29, 2019 11:36 PM IST
ന്യൂഡൽഹി: എട്ടു കാതൽമേഖലാ വ്യവസായങ്ങൾ ഒക്ടോബറിൽ 5.8 ശതമാനം ചുരുങ്ങി. സെപ്റ്റംബറിൽ 5.1 ശതമാനമായിരുന്നു ഇവയുടെ ചുരുങ്ങൽ. രാജ്യത്തെ വ്യവസായ വളർച്ചയിലെ തിരിച്ചടി ഒക്ടോബറിലും തുടർന്നു എന്നു വ്യക്തമാക്കുന്നതാണ് ഇന്നലെ വ്യവസായ -വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക്.
ഇതോടെ ഏപ്രിൽ-ഒക്ടോബർ കാലയളവിലെ ഈ എട്ടു വ്യവസായങ്ങളുടെ വളർച്ച കേവലം 0.2 ശതമാനമായി. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 5.4 ശതമാനം വളർന്നിരുന്നതാണ്.
കൽക്കരി ഉത്പാദനമാണ് ഏറ്റവും ഇടിഞ്ഞത് (17.6 ശതമാനം). വൈദ്യുതി ഉത്പാദനം 12.4 ശതമാനം താണു. സിമന്റ് 7.7 ശതമാനം, പ്രകൃതിവാതകം 5.7 ശതമാനവും ക്രൂഡ് ഓയിൽ 5.1 ശതമാനവും കുറഞ്ഞു. രാസവളം ഉത്പാദനം 11.8 ശതമാനം കൂടിയതാണ് വളർച്ച കാണിച്ച ഏകമേഖല.