സർക്കാർ സഹായിച്ചില്ലെങ്കിൽ വോഡഫോൺ ഐഡിയ പാപ്പരാകും: ബിർള
Friday, December 6, 2019 11:42 PM IST
ന്യൂഡൽഹി: ഗവൺമെന്റ് സഹായിച്ചില്ലെങ്കിൽ വോഡഫോൺ ഐഡിയ പ്രവർത്തനം നിർത്തുമെന്നു കന്പനി ചെയർമാൻ കുമാർ മംഗളം ബിർള.
ടെലികോം കന്പനികളുടെ വരുമാനം (എജിആർ - അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു) സംബന്ധിച്ച സുപ്രീംകോടതി വിധിയെത്തുടർന്നുള്ള പ്രത്യേക സാഹചര്യം മറികടക്കാനാണ് ബിർള സഹായം തേടുന്നത്. വോഡഫോൺ 53,038 കോടിരൂപ ഈ വിധിമൂലം ജനുവരി 24-നു മുന്പ് അടയ്ക്കണം. ഇതിനു യാതൊരു വഴിയും കന്പനി കാണുന്നില്ല. ഇതുവരെ ഭീമമായ നഷ്ടം വന്ന നിലയ്ക്ക് ഇനി കൂടുതൽ മൂലധനം കന്പനിയിലേക്കു മുടക്കാൻ ബിർളയോ വിദേശപങ്കാളിയായ വോഡഫോൺ ഗ്രൂപ്പോ തയാറില്ല. കന്പനി പാപ്പർ ഹർജി നൽകുകയേ മാർഗമുള്ളൂ എന്നു ബിർള പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാനായ കുമാർ മംഗളം ബിർള.
എജിആർ കുരുക്ക്
ടെലികോം ലൈസൻസ് ലഭിച്ച കന്പനികൾ സർക്കാരിനു സ്പെക്ട്രം ഫീസിനു പുറമേ വരുമാനത്തിന്റെ പങ്കും നൽകണം. ഈ ആവശ്യത്തിനു കണക്കുകൂട്ടേണ്ട വരുമാനത്തിൽ ടെലികോം ഉപയോക്താക്കളിൽനിന്നുള്ള വരുമാനത്തിനു പുറമേ പരസ്യങ്ങൾ മുതൽ മറ്റെല്ലാ വരുമാനങ്ങളും പെടുമെന്നാണു സുപ്രീംകോടതി വിധിച്ചത്. 12 മുതൽ 18 വരെ വർഷം പഴക്കമുള്ള കുടിശിക ഈയിനത്തിൽ ഉണ്ട്. ഇത്രയും കാലത്തെ കുടിശിക, അതിന്റെ പലിശ, പിഴ, അതിന്റെ പലിശ എല്ലാംകൂടി ടെലികോം കന്പനികൾ ഒന്നരലക്ഷം കോടിയിലേറെ രൂപ നൽകേണ്ടതുണ്ട്. ഏറ്റവും കൂടുതൽ ബാധ്യത വോഡഫോൺ ഐഡിയയ്ക്കാണ്. നേരത്തേ കന്പനി കണക്കാക്കിയത് 44,200 കോടിരൂപയുടെ ബാധ്യതയാണ്. അതനുസരിച്ച് സെപ്റ്റംബർ ത്രൈമാസത്തിൽ കന്പനി 50,921.9 കോടി രൂപയുടെ നഷ്ടം കാണിച്ചിരുന്നു. ഇപ്പോൾ ബാധ്യത 53,038 കോടി വരുമെന്നായി.
ഇത്ര ഭീമമായ തുക രണ്ടുമാസംകൊണ്ട് ഉണ്ടാക്കാൻ ലോകത്ത് ഒരു കന്പനിക്കും സാധിക്കില്ലെന്നു ബിർള പറഞ്ഞു. വോഡഫോൺ എഡിയയും ഭാരതി എയർടെലും സുപ്രീംകോടതിയിൽ റിവ്യു പെറ്റീഷൻ നൽകിയിട്ടുണ്ട്.
ആശ്വാസം കിട്ടാൻ
കന്പനികൾ നൽകേണ്ട സ്പെക്ട്രം ചാർജിനു രണ്ടുവർഷത്തെ മോറട്ടോറിയം കേന്ദ്രം ഈയിടെ അനുവദിച്ചിരുന്നു. 44,000 കോടിരൂപയുടെ ആശ്വാസമാണ് എല്ലാ കന്പനികൾക്കുംകൂടി ലഭിച്ചത്. പക്ഷേ സുപ്രീംകോടതി വിധി പ്രകാരമുള്ള തുകയ്ക്ക് ഈ ആശ്വാസമില്ല.
മൂന്നുമാസത്തിനകം തുക നൽകണമെന്ന നിർദേശം കോടതി പിൻവലിക്കുകയോ ഗവൺമെന്റ് ഫീസ്, വരുമാന വിഹിതം, പിഴ എന്നിവ കുറയ്ക്കുകയോ ചെയ്താലേ വോഡഫോൺ ഐഡിയയ്ക്കും ഭാരതി എയർടെലിനും ആശ്വാസമാകൂ. പിഴയും പലിശയും വേണ്ടെന്നുവച്ചാൽ ബാധ്യത പകുതിയാകും.
ഭാരതി എയർടെൽ പിഴയടയ്ക്കാനായി മൂലധനം വർധിപ്പിക്കുകയും ചില ആസ്തികൾ വിൽക്കുകയും ചെയ്യാൻ ഉദ്ദേശിക്കുന്നു. ചെറിയ ബാധ്യത മാത്രമുള്ള റിലയൻസ് ജിയോയ്ക്ക് പണമടയ്ക്കാൻ ബുദ്ധിമുട്ടില്ല.
ഇപ്പോൾ മൂന്നു സ്വകാര്യ കന്പനികൾ മാത്രമേ ടെലികോം മേഖലയിലുള്ളൂ. വോഡഫോൺ ഐഡിയ ഇല്ലാതായാൽ ജിയോയും എയർടെലും മാത്രം ശേഷിക്കുന്ന കുത്തക നിലവിൽവരും. പൊതുമേഖലയിലെ ബിഎസ്എൻഎലും ദുർബല നിലയിലാണ്.