സ്വർണവില കുറഞ്ഞു
Tuesday, January 14, 2020 11:29 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഇതോടെ സ്വർണവില പവന് 29,400 രൂപയും ഗ്രാമിന് 3675 രൂപയുമായി.
യുദ്ധഭീതി ഒഴിഞ്ഞതും അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരക്കരാർ ഉടനടി ഒപ്പുവയ്ക്കും എന്ന റിപ്പോർട്ടുകൾ പുറത്തു വന്നതുമാണ് സ്വർണവില കുറയാൻ കാരണം. അന്താരാഷ്ട്ര സ്വർണവില ട്രോയ് ഔണ്‍സിന് 1539 ഡോളറും ഇന്ത്യൻ രൂപയുടെ വിനിമയനിരക്ക് 70.86 രൂപയുമാണ്.
കറൻസി മാനുപുലേറ്റർ എന്ന് നിലവിലുള്ള ചൈനയുടെ പദവി അമേരിക്ക ഉപേക്ഷിച്ചതിനെത്തുടർന്നാണു സ്വർണത്തിന് വിലയിടിവുണ്ടാവുകയും രൂപയുടെ വിനിമയനിരക്കിൽ അൽപ്പം കരുത്തു കാട്ടുകയും ചെയ്തത്. 1539 ഡോളറിൽ നിൽക്കുന്ന അന്താരാഷ്ട്ര സ്വർണവില 1530 ഡോളറിൽ താഴോട്ടു പോയാൽ സ്വർണവില വീണ്ടും കുറയാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. കഴിഞ്ഞ എട്ടിനാണു സംസ്ഥാനത്ത് സ്വർണത്തിന് റിക്കാർഡ് വില രേഖപ്പെടുത്തിയത്.