മേക്ക് ഇൻ ഇന്ത്യ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യും: ജെഫ് ബെസോസ്
Thursday, January 16, 2020 12:27 AM IST
മുംബൈ: 10 ബില്യണ്‍ യുഎസ് ഡോളർ മൂല്യമുള്ള മേക്ക് ഇൻ ഇന്ത്യ ഉത്പന്നങ്ങൾ ഇന്ത്യയിൽനിന്നു കയറ്റുമതി ചെയ്യുമെന്ന് ആമസോണ്‍ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ്.
മൂന്നു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയതായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ചെറുകിട സംരംഭങ്ങൾ ആരംഭിക്കാനായി ഒരു ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തുമെന്നും ബെസോസ് അറിയിച്ചു.
“അമേരിക്കയും ഇന്ത്യയുമായുള്ള വ്യാപാരസഖ്യം ഈ നൂറ്റാണ്ടിലെ ഏറ്റവും നിർണായക സഖ്യമാണ്. ഇന്ത്യയുടേതാണ് ഈ നൂറ്റാണ്ട്.
ഇവിടുത്തെ ജനാധിപത്യം മഹത്തരമാണ്. 3000ഓളം ചെറുകിട ബിസിനസ് സംരംഭങ്ങൾ ഇന്ത്യയിൽ തുടങ്ങാനാണ് ആമസോണ്‍ പദ്ധതിയിട്ടിരിക്കുന്നത്’’- ജെഫ് ബെസോസ് പറഞ്ഞു.
ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂട്ടിക്കാഴ്ച നടത്തിയിരുന്നു.
ഇ -കൊമേഴ്സ് വന്പൻമാരായ ആമസോണും ഫ്ലിപ്കാർട്ടും ഇന്ത്യയിലെ വ്യാപാരമത്സര നിയമം ലംഘിച്ചതായുള്ള പരാതിയിൽ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ(സിസിഎെ)അന്വേഷണം ആരംഭിച്ചിരിക്കുന്ന അവസരത്തിലാണ് ബെസോസിന്റെ വരവ്.
ദീപാവലി ഉൾപ്പെടെയുള്ള ഉത്സവ വേളയിൽ ഇ-കൊമേഴ്സ് കന്പനികൾ ഇന്ത്യയിലെ വിദേശ നിക്ഷേപ ചട്ടങ്ങൾ ലംഘിക്കുന്നതായി കോണ്‍ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് ഉൾപ്പെടെയുള്ള സംഘടനകൾ നേരത്തെ ആരോപണമുന്നയിച്ചിരുന്നു. ഇതേത്തുടർന്നാണ് സിസിഎെ അന്വേഷണം ആരംഭിച്ചത്.