യുഎസ് ബജറ്റ് കമ്മി റിക്കാർഡ് തലത്തിൽ
Sunday, September 13, 2020 12:09 AM IST
കലിഫോർണിയ: കോവിഡ് പ്രതിസന്ധി മറികടക്കാൻ കൈയയച്ച് ചെലവിട്ടതോടെ അമേരിക്കയിൽ ബജറ്റ് കമ്മി റിക്കാർഡ് തലത്തിൽ. കഴിഞ്ഞ ഒക്ടോബർ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിലെ (11 മാസക്കാലം)യുഎസ് ബജറ്റ് കമ്മി 3 ലക്ഷം കോടി ഡോളറായി.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും കൂടിയ 11 മാസക്കാല ബജറ്റ് കമ്മിയാണിത്. 2009ലെ 1.37 ലക്ഷം കോടി ഡോളർ ബജറ്റ് കമ്മിയുടെ റിക്കാർഡ് ഇതോടെ പഴങ്കഥയായി.2008 ലെ മാന്ദ്യം പരിഹരിക്കുന്നതിന് കൂടുതൽ പണം ചെലവിട്ടതാണ് അന്ന് ബജറ്റ് കമ്മി പെരുകാൻ ഇടയാക്കിയത്. അമേരിക്കയുടെ ബജറ്റ് വർഷം(2020 ) അവസാനിക്കുന്ന ഈ മാസം 30ന് സെപ്റ്റംബറിലെ കണക്കുകൂടി ചേർക്കുന്പോൾ 2020ലെ ബജറ്റ് കമ്മി 3.3 ലക്ഷം കോടി ഡോളറാകുമെന്നാണ് വിലയിരുത്തൽ. കോവിഡ് പ്രതിസന്ധിയേത്തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവർക്ക് പെൻഷൻ നല്കിയതുൾപ്പെടെയുള്ള ക്ഷേമ പദ്ധതികൾക്കായി കൂടുതൽ പണം ചെലവിട്ടതാണ് ബജറ്റ് കമ്മി ഇത്ര രൂക്ഷമാക്കിയത്.
രാജ്യത്തെ വ്യവസായ സ്ഥാപനങ്ങളുടെയും ഫാക്ടറിക ളുടെയും പ്രവർത്തനം സാധാരണനിലയിലാകാത്തതിനാൽ തൊഴിലില്ലായ്മാ വിഹിതത്തിനുളള അപേക്ഷകരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല. അതേസമയം ഈ വർഷം അവസാനത്തോടെ അമേരിക്കയിലെ പൊതുകടം ജിഡിപിയുടെ 98 ശതമാനത്തിന് തുല്യമാകുമെന്നാണ് ഫെഡറൽ ഏജൻസിയായ സിബിഒയുടെ പ്രവചനം. 1940 കൾക്കുശേഷം ആദ്യമായാണ് പൊതുകടം ഇത്രമേൽ പെരുകുന്നത്.2007 ൽ അമേരിക്കൻ ജിഡിപിയുടെ 35 ശതമാനം മാത്രമായിരുന്നു പൊതുകടം.