മൊത്തവിലക്കയറ്റം 7.39 %
Friday, April 16, 2021 12:04 AM IST
മുംബൈ: രാജ്യത്ത് വിലക്കയറ്റം കുതിക്കുന്നു. മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള, മാർച്ചിലെ വിലക്കയറ്റം മുൻവർഷം ഇതേമാസത്തെ അപേക്ഷിച്ച് 7.39 ശതമാനം വർധിച്ചു. എട്ടു വർഷത്തിനിടെ രാജ്യത്തുണ്ടാകുന്ന ഏറ്റവും കൂടിയ പ്രതിമാസവിലക്കയറ്റ നിലയാണിത്. 2012 ഒക്ടോബറിൽ 7.4 ശതമാനം രേഖപ്പെടുത്തിയതാണ് ഇതുവരെയുണ്ടായിരുന്ന റിക്കാർഡ് വർധന.
ക്രൂഡ് ഓയിലിന്റെയും ലോഹങ്ങളുടെയും വിലയിലെ വർധനയാണു മൊത്തവിലക്കയറ്റത്തിനു കാരണമായത്. ലോക്ക്ഡൗണിനെത്തുടർന്ന് മുൻവർഷം മാർച്ചിൽ വിവരങ്ങൾ കൃത്യമായി ശേഖരിക്കാൻ കഴിയാത്തതും ഇക്കുറി മാർച്ചിലെ വിലക്കയറ്റനിലയെ സ്വാധീനിച്ചിട്ടുണ്ടെന്നാണു വിലയിരുത്തൽ. അതേസമയം, വരും മാസങ്ങളിൽ വിലക്കയറ്റം ഇനിയുമുയരുമെന്നും രണ്ടക്ക ഉയര്ച്ചയിലെത്തുമെന്നും സാന്പത്തികവിദഗ്ധർ അഭിപ്രായപ്പെട്ടു.
2020 മാർച്ചിൽ 0.42 ശതമാനമായിരുന്ന മൊത്തവിലക്കയറ്റം ഈവർഷം ജനുവരിയിൽ 2.51 ശതമാനവും ഫെബ്രുവരിയിൽ 4.17 ശതമാനവുമായിരുന്നു. തുടർച്ചയായി ഇതു മൂന്നാം മാസമാണ് മൊത്തവിലക്കയറ്റത്തിൽ വർധനയുണ്ടാകുന്നത്. മൊത്തവിലസൂചികയുടെ 64.23 ശതമാനം വരുന്ന നിർമിത ഉത്പന്നങ്ങളിലെ മാർച്ചിലെ വിലക്കയറ്റം 7.3 ശതമാനമാണ്. ക്രൂഡ് പെട്രോളിയത്തിന്റെ വിലക്കയറ്റം 73.7 ശതമാനവും. മാർച്ചിലെ ചില്ലറ വിലക്കയറ്റവും കഴിഞ്ഞ നാലു മാസത്തെ ഏറ്റവും കൂടിയ നിലയായ 5.52 ശതമാനത്തിൽ എത്തിയിരുന്നു.