ഇന്ത്യക്കാരുടെ സ്വിസ് നിക്ഷേപങ്ങളിൽ റിക്കാർഡ് വളർച്ച
Friday, June 18, 2021 10:37 PM IST
മുംബൈ: ഇന്ത്യൻ പൗരന്മാര് ക്കും സ്ഥാപനങ്ങൾക്കും വിവിധ സ്വിസ് ബാങ്കുകളിലായുള്ള ആസ്തിയിൽ കഴിഞ്ഞ വർഷം ഗണ്യമായ വളർച്ച. ഇന്ത്യക്കാരുടെ നിക്ഷേപം 2020 ൽ 250 കോടി സ്വിസ്ഫ്രാങ്ക്(ഏകദേശം 20,700കോടി രൂപ) ആയി ഉയർന്നതായി സ്വിസ് നാഷണൽ ബാങ്ക് അറിയിച്ചു. കഴിഞ്ഞ 13 വർഷത്തിനിടെയുണ്ടാകുന്ന ഏറ്റവും കൂടിയ നിക്ഷേപമാണിത്. 2019 ൽ 89.9 കോടി സ്വിസ്ഫ്രാങ്ക് (ഏകദേശം 6625 കോടി രൂപ)ആയിരുന്നു സ്വിസ്ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം.
കടപ്പത്രങ്ങളും സെക്യൂരിറ്റികളുമടക്കമുള്ള ആസ്തികളിലാണ് ഏറ്റവുമധികം വർധനയുള്ളത്. എന്നാൽ ഉപഭോക്തൃ നിക്ഷേപങ്ങൾ മുൻവർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞു.
അതേസമയം, ബ്ലാക്ക് മണിയായി കണക്കാക്കപ്പെടുന്ന പണവും ഇന്ത്യക്കാർ മറ്റു രാജ്യങ്ങളിലെ സ്ഥാപനങ്ങളുടെയോ വ്യക്തികളുടെയോ പേരിൽ നടത്തിയിട്ടുള്ള നിക്ഷേപങ്ങളും ഉൾപ്പെടാത്ത കണക്കാണ് സ്വിസ് നാഷണൽ ബാങ്ക് പുറത്തുവിട്ടിട്ടുള്ളത്.
നിലവിൽ ഇഗ്ലണ്ടിനാണ് സ്വിസ് ബാങ്കുകളിൽ ഏറ്റവുമധികം നിക്ഷേപമുള്ളത്. യുഎസ് രണ്ടാം സ്ഥാനത്താണ്. വെസ്റ്റ് ഇൻഡീസ്, ഫ്രാൻസ്, ഹോങ്കോംഗ്, ജർമനി, സിങ്കപ്പൂർ, തുടങ്ങിയ രാജ്യങ്ങൾ ആദ്യ പത്തിൽ ഉൾപ്പെടുന്നു. നിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യക്ക് 51-ാം സ്ഥാനമാണ്.
പാക്കിസ്ഥാനിൽനിന്നുള്ള സ്വിസ് ബാങ്കുകളിലെ നിക്ഷേപങ്ങളിലും കഴിഞ്ഞ വർഷം മുൻവർഷങ്ങളെ അപേക്ഷിച്ച് വർധനയുണ്ട്. 2020 വരെയുള്ള കണക്കുപ്രകാരം സ്വിറ്റ്സർലൻഡിൽ 243 ബാങ്കുകളാണുള്ളത്.