ഓട്ടോ ഡെബിറ്റ് ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാൻ ആർബിഐ
Wednesday, September 22, 2021 11:31 PM IST
മുംബൈ: ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകളോ മൊബൈൽ വാലറ്റുകളോ ഉപയോഗിച്ചുള്ള 5,000 രൂപയ്ക്കു മുകളിലുള്ള ഓട്ടോ ഡെബിറ്റ് ഇടപാടുകൾക്ക് അടുത്ത മാസം മുതൽ ഉപയോക്താവിന്റെ അനുമതി (അഡീഷണൽ ഓഥന്റിഫിക്കേഷൻ) നിർബന്ധമാക്കി ആർബിഐ. ക്രമക്കേടുകൾ തടയുന്നതിന്റെയും ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെയും ഭാഗമായാണു നടപടി.
മാസാദ്യങ്ങളിലോ വാർഷാരംഭങ്ങളിലോ മൂന്നു മാസം കൂടുന്പോഴോ ഒക്കെ അക്കൗണ്ടുകളിൽനിന്നു പ്രത്യേക സേവനങ്ങൾക്കുള്ള ചാർജുകൾ തനിയെ പിൻവലിക്കുന്നതാണ് ഓട്ടോ ഡെബിറ്റ് ഇടപാട്.
ഒടിടി പ്ലാറ്റ് ഫോം സബ്സ്ക്രിബ്ഷൻ ചാർജ്, ഡിടിഎച്ച് സബ്സ്ക്രിബ്ഷൻ ചാർജ് തുടങ്ങിയവയൊക്കെ ഈ രീതിയിൽ നിശ്ചിത ഇടവേളകളിൽ ഈടാക്കാറുണ്ട്. അടുത്തമാസം മുതൽ അക്കൗണ്ട് ഉടമയുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ സേവനദാതാക്കൾക്കു പണം പിൻവലിക്കാൻ കഴിയു.
ഇടപാടിന് 24 മണിക്കൂർ മുന്പ് എസ്എംഎസ് അല്ലെങ്കിൽ ഇ-മെയിൽ സന്ദേശമായാണ് ഇടപാടിനുള്ള അനുമതി തേടുക. ഇതിന് അക്കൗണ്ട് ഉടമ അനുമതി നൽകിയില്ലെങ്കിൽ ഇടപാട് റദ്ദാവും.