പാചകവാതക സെക്യൂരിറ്റി തുകയും കൂട്ടി
Friday, June 17, 2022 11:03 PM IST
കൊച്ചി: പുതിയ പാചകവാതക കണക്ഷൻ എടുക്കുന്നതിനുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക എണ്ണക്കമ്പനികൾ കുത്തനെ കൂട്ടി.
14.2 കിലോഗ്രാം സിലിണ്ടറിന് പുതിയ കണക്ഷൻ എടുക്കുമ്പോൾ ഇനി 2,200 രൂപ സെക്യൂരിറ്റിയായി അടയ്ക്കണം. നിലവിലിത് 1,450 രൂപയായിരുന്നു. 750 രൂപയുടെ വർധന. അഞ്ച് കിലോഗ്രാം സിലിണ്ടറിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക 800 രൂപയിൽനിന്ന് 1,150 രൂപയാക്കി.
ഗ്യാസ് റെഗുലേറ്ററുകളുടെ വിലയും കൂട്ടി. 150 രൂപ ഈടാക്കിയിരുന്ന റെഗുലേറ്ററുകൾക്ക് ഇനി മുതൽ 250 രൂപ നൽകണം. അതായത് 14.2 കിലോഗ്രാം സിലിണ്ടർ കണക്ഷൻ എടുക്കുന്ന ഉപഭോക്താവിന് ഒറ്റയടിക്ക് 850 രൂപ അധികം നൽകേണ്ടി വരും. അഞ്ചു കിലോഗ്രാം സിലിണ്ടർ കണക്ഷന് 450 രൂപയാണ് കൂടുതൽ നൽകേണ്ടി വരിക.