മൂല്യവര്‍ധിത സുഗന്ധവ്യഞ്ജനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം: ഡി. സത്യൻ
Tuesday, June 21, 2022 12:01 AM IST
കൊച്ചി: ലോകത്തിന്റെ മസാല പാത്രം എന്ന പേര് നിലനിര്‍ത്താന്‍ ഗുണനിലവാരത്തിലും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളിലും ഊന്നല്‍ നല്കി മൂല്യവര്‍ധിത സുഗന്ധവ്യഞ്ജനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സ്പൈസസ് ബോര്‍ഡ് ഓഫ് ഇന്ത്യ സെക്രട്ടറി ഡി. സത്യന്.
പ്രമുഖ ക്രോസ്ബോര്‍ഡര്‍ ഡിജിറ്റല്‍ ട്രേഡ് ഫിനാന്‍സ് പ്ലാറ്റ്ഫോമായ ഡ്രിപ്പ് ക്യാപിറ്റല്‍ കൊച്ചി ചാപ്റ്റര്‍ ഡ്രിപ്പ് ഔട്ട്ലുക്ക്: സുഗന്ധവ്യഞ്ജന വ്യാപാരത്തിലെ അവസരങ്ങള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിപാടിയില്‍ ഇന്ത്യയുടെ സുഗന്ധവ്യഞ്ജന കയറ്റുമതിയെക്കുറിച്ചുള്ള ഡ്രിപ്പിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വ്യവസായ പ്രഭാഷകരും സുഗന്ധവ്യഞ്ജന കയറ്റുമതിക്കാരും അടങ്ങുന്ന രണ്ടു പാനല്‍ ചര്‍ച്ചകളും നടന്നു.
എഐഎസ്ഇഎഫ്-ഓള് ഇന്ത്യ സ്പൈസസ് എക്സ്പോര്‍ട്ട് ഫോറം ചെയര്മാന് ചെറിയാന് സേവ്യര്‍ മുഖ്യപ്രഭാഷണം നടത്തി. സങ്കീര്‍ണമായ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങള്‍ ഇന്ത്യ വികസിപ്പിക്കാനുള്ള സമയം അതിക്രമിച്ചെന്ന് ഡ്രിപ്പ് ക്യാപിറ്റലിന്റെ സിഇഒയും സ്ഥാപകനുമായ പുഷ്കര്‍ മുകേവാര് പറഞ്ഞു.