ക്രെഡിറ്റ് സ്വീസിനെ യുബിഎസിൽ ലയിപ്പിക്കാൻ ശ്രമം
Sunday, March 19, 2023 12:20 AM IST
ജനീവ: സ്വിസ് ബാങ്ക് ക്രെഡിറ്റ് സ്വീസിനെ ഏതെങ്കിലും ബാങ്കിൽ ലയിപ്പിക്കാൻ നീക്കം. അതു സാധിച്ചില്ലെങ്കിൽ ബാങ്ക് പല കഷണങ്ങളാക്കി വിൽക്കേണ്ടിവരും. സ്വിറ്റ്സർലൻഡിലെ ഏറ്റവും വലിയ ബാങ്കായ യുബിഎസിൽ ലയിപ്പിക്കുന്നതിന് ചർച്ച നടക്കുന്നുണ്ട്. വെള്ളിയാഴ്ച ആരംഭിച്ച ചർച്ചകൾ വിജയിച്ചാലും പരാജയപ്പെട്ടാലും 167 വർഷം പഴക്കമുള്ള ക്രെഡിറ്റ് സ്വീസ് ചരിത്രമായി മാറും.
ഭാവിയിൽ വരാവുന്ന സാമ്പത്തിക ബാധ്യതയ്ക്ക് സർക്കാർ സഹായം ഉറപ്പുകിട്ടിയാൽ ബാങ്കിനെ മുഴുവനായി എടുക്കാമെന്നാണു യുബിഎസ് നിലപാട്. അല്ലെങ്കിൽ വെൽത്ത് മാനേജ്മെന്റും അസറ്റ് മാനേജ്മെന്റും വിഭാഗങ്ങൾ മാത്രം മതി.
സ്വിസ് ബാങ്കിംഗ് വ്യവസായത്തിന്റെ വിശ്വാസ്യത നിലനിർത്താൻ അവിടത്തെ കേന്ദ്രബാങ്കായ സ്വിസ് നാഷണൽ ബാങ്ക് ഇടപെട്ടാണ് ലയന-ഏറ്റെടുക്കൽ ചർച്ച വെള്ളിയാഴ്ച തുടങ്ങിയത്. യുഎസ് ഫെഡും യൂറോപ്യൻ കേന്ദ്ര ബാങ്കും ബാങ്ക് ഓഫ് ഇംഗ്ലണ്ടും ലയനനീക്കത്തിനു പച്ചക്കൊടി കാണിച്ചിരുന്നു.
യൂണിയൻ ബാങ്ക് ഓഫ് സ്വിറ്റ്സർലൻഡിൽ സ്വിസ് ബാങ്കിംഗ് കോർപറേഷനെ 1998ൽ ലയിപ്പിച്ചു രൂപം കൊണ്ടതാണു യുബിഎസ്. 1.1 ലക്ഷം കോടി ഡോളർ ആസ്തിയും 74,000 ജീവനക്കാരുമുണ്ട്. വിപണിമൂല്യം 5656 കോടി ഡോളർ.
50,400 ജീവനക്കാരുള്ള ക്രെഡിറ്റ് സ്വീസിന്റെ വിപണിമൂല്യം 796 കോടി ഡോളർ മാത്രം. ഒരു വർഷം കൊണ്ട് ഇടിവ് 75 ശതമാനം. 2019 അവസാനം 3300 കോടി ഡോളർ മൂല്യം ഉണ്ടായിരുന്നതാണ്.
രണ്ടാമത്തെ വലിയ സ്വിസ് ബാങ്കായ ക്രെഡിറ്റ് സ്വീസ് വർഷങ്ങളായി നഷ്ടത്തിലാണ്. കഴിഞ്ഞ വർഷം നഷ്ടം 800 കോടി ഡോളർ. പലവട്ടം മൂലധനം ശേഖരിച്ചു. ഇനി മൂലധനം നൽകാൻ ആരും തയാറല്ല. പ്രതിസന്ധി നീക്കാൻ യൂറോപ്യൻ സെൻട്രൽ ബാങ്കും (ഇസിബി) സ്വിറ്റ്സർലൻഡിലെ കേന്ദ്ര ബാങ്കായ സ്വിസ് നാഷണൽ ബാങ്കും ചർച്ച നടത്തി 5400 കോടി ഡോളറിന്റെ പ്രത്യേക വായ്പ പ്രഖ്യാപിച്ചിരുന്നു.
പക്ഷേ പ്രതിസന്ധി തുടർന്നപ്പോഴാണു ലയനചർച്ച. കഴിഞ്ഞ വർഷം ബാങ്കിന്റെ ആസ്തിയിലും ഡെപ്പോസിറ്റുകളിലും 40 ശതമാനം നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ച മാത്രം ബാങ്കിന്റെ വെൽത്ത് മാനേജ്മെന്റ് വിഭാഗത്തിലെ ഇടപാടുകാർ 45 കോടി ഡോളർ പിൻവലിച്ചു.