ഓഹരി വിപണിയിൽ മുന്നേറ്റം
Wednesday, March 29, 2023 11:31 PM IST
മുംബൈ: ഇന്ത്യൻ ഓഹരി വിപണി തുടക്കത്തിൽ ചാഞ്ചാട്ടത്തിലായിരുന്നുവെങ്കിലും അനുകൂലമായ ആഗോള സൂചനകൾക്കിടയിൽ നേട്ടത്തോടെയാണ് അവസാനിച്ചത്. ആർബിഐ നയതീരുമാനങ്ങൾ വരും ആഴ്ചകളിൽ വിപണിയെ നയിക്കും.
ആർബിഐയുടെ മൂന്നു ദിവസത്തെ മോണിറ്ററി പോളിസി മീറ്റിംഗ് ഏപ്രിൽ മൂന്നിന് ആരംഭിക്കും. പ്രധാന നിരക്കുകളുടെ മാറ്റം ഏപ്രിൽ ആറിനു പ്രഖ്യാപിക്കും. ബാങ്കിംഗ് മേഖലയിലെ അപകടസാധ്യതകളെക്കുറിച്ചുള്ള ഭയം ശാന്തമായതാണ് ഇന്ത്യൻ ഓഹരികൾ ഉയരാൻ കാരണം.
സെൻസെക്സ് 58,000 ലും നിഫ്റ്റി 17,000 ലും എത്തി. സെൻസെക്സ് 346.37 പോയിന്റ് (0.6 ശതമാനം) ഉയർന്ന് 57,960.09 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 129 പോയിന്റ് (0.76 ശതമാനം) ഉയർന്ന് 17,080.70 ൽ ക്ലോസ് ചെയ്തു.
അദാനി എന്റപ്രൈസസും അദാനി പോർട്ട്സും യഥാക്രമം 9%, 7% കുതിച്ചു. ഐഷർ മോട്ടോഴ്സ്, ഹീറോ മോട്ടോകോർപ്പ് എന്നിവയാണ് മറ്റ് പ്രധാന നേട്ടക്കാർ. ഇന്നത്തെ സെഷനിൽ യുപിഎല്ലും ഭാരതി എയർടെലും ഇടിഞ്ഞു. ഏഷ്യൻ പെയിന്റ്സ്, റിലയൻസ് എന്നിവയും നഷ്ടം രേഖപ്പെടുത്തി. എണ്ണ-പ്രകൃതിവാതക മേഖലയിലെ മന്ദഗതിയിലുള്ള പ്രകടനം ഒഴികെ, മറ്റെല്ലാ സൂചികകളും ഉയർച്ചയിലാണ് അവസാനിച്ചത്.
ബാങ്കിംഗ് ഓഹരികളും മികച്ച പ്രകടനം കാഴ്ചവച്ചു. ഓട്ടോ, ഐടി ഓഹരികളും ക്യാപിറ്റൽ ഗുഡ്സ്, കണ്സ്യൂമർ ഡ്യൂറബിൾസ്, മെറ്റൽ സ്റ്റോക്കുകൾ എന്നിവയും ഉയർന്നു. ബാങ്ക് നിഫ്റ്റി 342 പോയിന്റ് ഉയർന്നപ്പോൾ ബിഎസ്ഇ ബാങ്ക്സ് 479 പോയിന്റിലധികം മുന്നേറി.
പൊതുമേഖലാ ബാങ്ക്, മെറ്റൽ, ഓട്ടോ, മീഡിയ, റിയാലിറ്റി എന്നിവയുമായി 13 പ്രധാന മേഖലാ സൂചികകളിൽ 12 എണ്ണം മുന്നേറി. എനർജി ഇൻഡക്സ് മാത്രമാണ് ഇന്നല ത്തെ സെഷനിൽ നഷ്ടത്തിൽ അവസാനിച്ച പ്രധാന മേഖല.