ഡിസ്നിയിൽ വീണ്ടും പിരിച്ചുവിടൽ
Tuesday, May 23, 2023 11:45 PM IST
ലോസ് ആഞ്ചൽസ്: എന്റർടെയ്ൻമെന്റ് ഭീമന്മാരായ ഡിസ്നിയിൽ മൂന്നാംഘട്ട പിരിച്ചുവിടൽ ആരംഭിച്ചു. ഇക്കുറി 2,500 ജീവനക്കാർക്കു ജോലി നഷ്ടമാകുമെന്നാണു കരുതപ്പെടുന്നത്. കന്പനിയുടെ ഏതു വിഭാഗത്തിലാണു പിരിച്ചുവിടലെന്നു വ്യക്തമല്ല.
പാർക് ആൻഡ് റിസോർട്ട് ഡിവിഷനെ പിരിച്ചുവിടൽ ബാധിച്ചേക്കില്ല. ഇതോടെ കന്പനിയിൽ ജോലി നഷ്ടമായവരുടെ എണ്ണം 6,500 ആകും. 7,000 പേരെ പിരിച്ചുവിടുമെന്നു കന്പനി നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നതാണ്.
കന്പനിയുടെ ടെലിവിഷൻ വിഭാഗത്തെയാണു രണ്ടാംറൗണ്ട് പിരിച്ചുവിടൽ ഏറ്റവും കൂടുതൽ ബാധിച്ചത്. രണ്ടു സീനിയർ വൈസ് പ്രസിഡന്റുമാർക്ക് ഉൾപ്പെടെ ജോലി നഷ്ടപ്പെട്ടു. ഹോളിവുഡിലെ തിരക്കഥാകൃത്തുകൾ സമരം തുടരുന്ന സാഹചര്യത്തിലാണു ഡിസ്നിയിലെ പിരിച്ചുവിടലെന്നതും ശ്രദ്ധേയം. രണ്ടു ലക്ഷത്തിലധികം പേരാണു നിലവിൽ ഡിസ്നിയിൽ ജോലി ചെയ്യുന്നത്.