വൈഎംസിഎ ഉത്പന്നങ്ങൾ ബ്രാൻഡഡ് വിപണന മേഖലയിലേക്ക്
Friday, June 2, 2023 11:40 PM IST
ആലുവ: വൈഎംസിഎ കേരള റീജണിന്റെ നേതൃത്വത്തിൽ ഉത്പാദിപ്പിക്കുന്ന തേൻ, തേയില, ഉണക്കമീൻ, സുഗന്ധദ്രവ്യങ്ങൾ എന്നിവ ബ്രാൻഡഡ് ഉത്പന്നങ്ങളാക്കി വില്പന കേന്ദ്രങ്ങൾ തുടങ്ങുന്നു. റീജണൽ ചെയർമാൻ ജോസ് നെറ്റിക്കാടന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ ഈ വർഷത്തെ പ്രധാന പരിപാടിയാണിതെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
വൈഎംസിഎയുടെ മാർത്താണ്ഡത്തുള്ള റൂറൽ കമ്യൂണിറ്റി സെന്റർ ഉത്പാദിപ്പിക്കുന്ന അഗ്മാർക്ക് രജിസ്ട്രേഷനുള്ള തേൻ, രാജകുമാരി പ്രോജക്ടിലെ സുഗന്ധദ്രവ്യങ്ങൾ, വയനാട് വൈത്തിരി പ്രോജക്ടിന്റെ തേയില, ആയിരംതെങ്ങ് കമ്യൂണിറ്റി സെന്ററിന്റെ ഉണക്കമീൻ എന്നിവയാണ് ഉത്പന്നങ്ങളായി ആദ്യഘട്ടത്തിൽ വിപണിയിൽ എത്തുക. വില്പനകേന്ദ്രങ്ങളും വൈഎംസിഎയുടെ നേതൃത്വത്തിൽ ആരംഭിക്കും. സംരംഭത്തിൽ വനിതാപങ്കാളിത്തം ഉറപ്പാക്കും.
സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ്, ഡയാലിസിസ് സഹായം, കാൻസർ രോഗികൾക്കുള്ള മെഡിക്കൽ സഹായം, വീടില്ലാത്തവർക്ക് വീട് എന്നീ പദ്ധതികളും ഈ വർഷം നടപ്പിലാക്കും.