നെല്ലിന്റെ വിലയായി 155 കോടി വിതരണം ചെയ്തെന്നു സപ്ലൈകോ
Thursday, June 8, 2023 1:24 AM IST
കൊച്ചി: നെല്ലിന്റെ വില കര്ഷകന് നല്‍കുന്നതിനുള്ള തടസങ്ങള്‍ നീങ്ങിയെന്ന് സപ്ലൈകോ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമന് അറിയിച്ചു. ഇന്നലെ വരെ 155 കോടി രൂപ വിതരണം ചെയ്തു.
നെല്ലിന്റെ വില കര്‍ഷകര്‍ക്ക് നല്കുവാന് കാലതാമസം നേരിട്ടതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെടലുകളിലൂടെ 700 കോടി രൂപ പിആര്‍എസ് വായ്പയായി എസ്ബിഐ, കാനറ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവ വഴി നല്കാന് തീരുമാനിച്ചിരുന്നു. ഇതിനായി ബാങ്കുകളുമായി സപ്ലൈകോ ധാരണാപത്രത്തില്‍ ഒപ്പിടുകയും ചെയ്തിരുന്നു.
തുക വിതരണം ചെയ്യേണ്ട കര്‍ഷകരുടെ പൂര്‍ണ വിവരങ്ങള്‍ സപ്ലൈകോ ബാങ്കുകള്‍ക്കു കൈമാറിയെങ്കിലും എസ്ബിഐ, ഫെഡറല്‍ ബാങ്കുകള്‍ തുക വിതരണം ചെയ്ത് തുടങ്ങിയിരുന്നില്ല. വായ്പ നല്‍കുന്നതിനുള്ള സോഫ്റ്റ്വേര്‍, ബാങ്കുകളില്‍ ഡെവലപ് ചെയ്യാനുള്ള സാങ്കേതിക തടസമാണ് കാലതാമസമുണ്ടാകാന്‍ കാരണം.
ഇന്നലെവരെ കാനറാ ബാങ്ക് വഴി 10,955 കര്‍ഷകര്‍ക്ക് 129 കോടി രൂപയും എസ്ബിഐ വഴി 125 കര്‍ഷകര്‍ക്ക് രണ്ടു കോടി രൂപയും ഫെഡറല്‍ ബാങ്ക് വഴി 1,743 കര്‍ഷകര്‍ക്ക് 23.65 കോടി രൂപയും വിതരണം ചെയ്തതായി അദ്ദേഹം പറഞ്ഞു.