മോശം തൊഴിലിടങ്ങൾ ആയുസ് കുറയ്ക്കും: പഠനറിപ്പോർട്ട്
Sunday, September 10, 2023 12:16 AM IST
സ്റ്റോക്ഹോം: തൊഴിലിടങ്ങൾ മോശമാകുന്നത് അകാല മരണത്തിനു കാരണമാകുമെന്നു പഠനറിപ്പോർട്ട്. സ്ഥിര ജോലിക്കാരുമായി താരതമ്യപ്പെടുത്തുന്പോൾ തൊഴിൽ സ്ഥിരതയില്ലാത്തവരുടെ ആയുസിൽ 20 ശതമാനം കുറവുണ്ടാകുന്നുണ്ടെന്നാണു കണ്ടെത്തൽ.
സ്വീഡനിലെ കരോളിൻസ്ക യൂണിവേഴ്സിറ്റിയാണ് ഇതു സംബന്ധിച്ച ഗവേഷണ റിപ്പോർട്ട് പുറത്തുവിട്ടത്.
അപകടകരമായ തൊഴിൽ സാഹചര്യങ്ങളും അകാലമരണവും തമ്മിൽ ബന്ധമുണ്ടെന്നു റിപ്പോർട്ട് പറയുന്നു. താത്കാലികജോലി, കുറഞ്ഞ വേതനം, ആനുകൂല്യങ്ങൾ നിയന്ത്രിക്കുന്നത് എന്നിവയൊക്കെ അപകടകരമായ തൊഴിൽ സാഹചര്യങ്ങളുടെ പരിധിയിൽ വരുന്നതാണ്. ഇതെല്ലാം തൊഴിലിടം മോശമാക്കും. മികച്ച കരാറുകളില്ലാതെ ജോലി ചെയ്യാൻ നിർബന്ധിക്കപ്പെടുന്നത് ആയുസ് കുറയാൻ കാരണമാകുമെന്ന് ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ച തിയോ ബോഡിൻ പറഞ്ഞു.
രണ്ടരലക്ഷം സ്വീഡിഷ് തൊഴിലാളികളെ വിലയിരുത്തിയാണ് ബോഡിൻ ഗവേഷണ റിപ്പോർട്ട് തയാറാക്കിയത്. 2005ൽ ആരംഭിച്ച പഠനം 2017ലാണ് അവസാനിപ്പിച്ചത്.