ലോഞ്ച് പാഡ് കേരള തൊഴിൽമേള നടത്തി
Monday, July 15, 2024 11:18 PM IST
തിരുവനന്തപുരം: വിജ്ഞാനാധിഷ്ഠിത തൊഴിലവസരങ്ങൾ തൊഴിലന്വേഷകർക്ക് ലഭ്യമാക്കുന്നതിനായി കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെഡിസ്ക്) നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കേരള നോളജ് ഇക്കോണമി മിഷൻ, പ്രമുഖ വ്യവസായ സംഘടനയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസും (ജിടെക്), മ്യുലേൺ ഫൗണ്ടേഷൻ-ഐഇഇഇയും സംയുക്തമായി സംഘടിപ്പിച്ച ‘ലോഞ്ച് പാഡ് കേരള 2024’ തൊഴിൽ മേള തിരുവനന്തപുരം ടെക്നോപാർക് കാമ്പസിലെ ക്ലബ് ഹൗസിൽ ധനമന്ത്രി കെ. എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.
ഐടി/ ഐടിഇഎസ് മേഖലയിലെ മികച്ച തൊഴിലുകളിലേക്ക് തൊഴിലന്വേഷകരെ എത്തിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. വിദ്യാഭ്യാസയോഗ്യത മാത്രം അടിസ്ഥാനമാക്കി നിയമനം നടത്തുന്ന പരമ്പരാഗത രീതികളിൽനിന്ന് വ്യത്യസ്തമായി ഉദ്യോഗാർഥിയുടെ അറിവ്, നൈപുണിശേഷി, മാറുന്ന സാങ്കേതികവിദ്യ സ്വായത്തമാക്കാനുള്ള കഴിവ് എന്നിവയെ അടിസ്ഥാനമാക്കിയാണ് ലോഞ്ച് പാഡ് കേരള 2024 തൊഴിൽ മേള സംഘടിപ്പിച്ചത്. ഇക്കഴിഞ്ഞ മൂന്നുമാസത്തിനിടയിൽ 4000ത്തോളം എൻജിനിയറിംഗ് മേഖലയിലുള്ള തൊഴിലന്വേഷകരെ വിവിധ സ്ക്രീനിംഗ് ടെസ്റ്റുകൾ വഴി തെരഞ്ഞെടുത്ത ശേഷമാണ് ഇന്റർവ്യൂ നടത്തിയത്.
ഇരുപതോളം കമ്പനികളിൽ നിന്നായി നൂറ്റിയമ്പതിൽപരം തൊഴിലവസരങ്ങൾ ആണ് ലഭ്യമാക്കിയത്. മുന്നൂറോളം തൊഴിലന്വേഷകർ തൊഴിൽ മേളയിൽ പങ്കെടുത്തു. ഐഇഇഇ ചെയർമാൻ കേരള സെക്ഷൻ പ്രഫ. മുഹമ്മദ് കാസിം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.