റബറിനു നഷ്ടം; ദീപാവലിയെ ഉറ്റുനോക്കി വെളിച്ചെണ്ണ
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, October 14, 2024 12:43 AM IST
കൊച്ചി: രാജ്യാന്തര റബർ മാർക്കറ്റിന് നേരിട്ട തിരിച്ചടിയിൽ ഇന്ത്യൻ റബറിന് ഇരുന്നുറ് രൂപയുടെ നിർണായക താങ്ങ് നഷ്ടമായി. വെളിച്ചെണ്ണ ദീപാവലി ഡിമാൻഡിനെ ഉറ്റുനോക്കുന്നു. ഉത്തരേന്ത്യൻ വാങ്ങലുകാരുടെ പിൻമാറ്റം കുരുമുളകിനെ തളർത്തി. ചുക്കിനും കനത്ത വില തകർച്ച. സ്വർണം റിക്കാർഡിൽ.
റബറിന് ഇടിവ്
രാജ്യാന്തര റബർ മാർക്കറ്റിൽ വീണ്ടും വിലയിടിവ്. ഒരാഴ്ച നീണ്ട ദേശീയ അവധിദിനങ്ങൾക്കുശേഷം വിപണനം പുനരാരംഭിച്ച ചൈനയിൽ റബർ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുമെന്ന നിഗമനത്തിലായിരുന്നു ഇതര ഉത്പാദക രാജ്യങ്ങൾ. എന്നാൽ, തുടക്കത്തിൽ തന്നെ ചൈനീസ് നിക്ഷേപകർ ലാഭമെടുപ്പിന് നീക്കം നടത്തിയത് വിപണിയുടെ അടിയൊഴുക്കിൽ വിള്ളലുളവാക്കി. ഇതോടെ ജപ്പാനിലെ ഒസാക്ക എക്സ്ചേഞ്ചിൽ റബർ ഒക്ടോബർ അവധിക്ക് തിരിച്ചടി നേരിട്ടു. ബെയ്ജിംഗിലും ടോക്കിയോയിലും റബറിന് നേരിട്ട തളർച്ച സിംഗപ്പൂരിലും ഫണ്ടുകൾ വിൽപ്പനക്കാരാക്കിതോടെ 200 ഡോളറിലെ സപ്പോർട്ട് നഷ്ടപ്പെട്ടു.
പ്രമുഖ അവധി വ്യാപാര രംഗങ്ങളിൽനിന്നുള്ള പ്രതികൂല വാർത്താ പ്രവാഹത്തിൽ തായ് വിപണിയായ ബാങ്കോക്കിൽ റബർ 24,700 രൂപയിൽനിന്നും 22,500 ലേക്ക് ഇടിഞ്ഞു. സ്ഥിതിഗതികൾ അനുകൂലമല്ലെന്ന തിരിച്ചറിവിൽ ഇന്തോനേഷ്യയും മലേഷ്യയും നിരക്ക് താഴ്ത്തിയത് ടയർ വ്യവസായികൾ അവസരമാക്കി.
ഒസാക്ക എക്സ്ചേഞ്ചിൽ റബർ 392 യെന്നിൽ നിലകൊള്ളുന്ന ഡിസംബറിന് 376-364 ലെ സപ്പോർട്ട് നിലനിർത്താനായാൽ തിരിച്ചുവരവ് പ്രതീക്ഷിക്കാം. ജനുവരി അവധി 11.2 യെൻ കുറഞ്ഞ് കിലോയ്ക്ക് 386.5 യെന്നായി. സെപ്റ്റംബർ ആദ്യ വാരത്തിന് ശേഷമുള്ള ഏറ്റവും കനത്ത പ്രതിവാര ഇടിവ്. ഷാങ്ഹായ് ഫ്യൂച്ചേഴ്സിൽ ജനുവരി അവധി 515 യുവാൻ ഇടിഞ്ഞ് 18,100 യുവാനായി, ടണ്ണിന് 2,558 ഡോളർ.
ഇന്ത്യൻ ടയർ നിർമാതാക്കൾ കൊച്ചി, കോട്ടയം വിപണികളിൽ ഷീറ്റ് സംഭരണത്തിൽ കാണിച്ച തണുപ്പൻ മനോഭാവം കർഷകർക്ക് തിരിച്ചടിയായി. 21,500 രൂപയിൽ വിൽപ്പന തുടങ്ങിയ ആർഎസ്എസ് നാലാം ഗ്രേഡ് വാരാന്ത്യം 19,500 രൂപയിലാണ്. 20,000 രൂപയിലെ നിർണായക താങ്ങ് നഷ്ടപ്പെട്ട സാഹചര്യത്തിൽ വിപണി 18,000 ൽ സപ്പോർട്ട് കണ്ടത്താൻ ശ്രമം നടത്താം. അതേ സമയം ഇന്ന് ഏഷ്യൻ മാർക്കറ്റിൽ ഉണർവ് ദൃശ്യമായാൽ 20000 രൂപയ്ക്ക് മുകളിൽ തിരിച്ചു വരവിന് ശ്രമിക്കും.
ഒരാഴ്ചത്തെ അവധിക്കുശേഷം ചൈനീസ് മാർക്കറ്റ് സജീവമാക്കുന്നതോടെ നമ്മുടെ വിലയും ഉയരുമെന്ന നിഗനമത്തിലായിരുന്നു കേരളത്തിലെ ഒരു വിഭാഗം സ്റ്റോക്കിസ്റ്റുകൾ. ചൈനീസ് വ്യാവസായിക മേഖല ഉണർവിലേയ്ക്ക് തിരിയുന്നത് റബറിനു നേട്ടമാകുമെന്ന പ്രതീക്ഷയിൽ സ്റ്റോക്കിസ്റ്റുകൾ ഷീറ്റ് നീക്കം നിയന്ത്രിച്ചിരുന്നു. ഇതിനിടയിൽ ഏപ്രിൽ‐സെപ്റ്റംബറിൽ റബർ ഉത്പാദനം 37 ശതമാനം ഇടിഞ്ഞ് 2.25 ലക്ഷം ടണ്ണായതായി ടയർ വ്യവസായികളുടെ സംഘടനയായ ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. 2023 ൽ ഇതേ കാലയളവിൽ ഉത്പാദനം 3.56 ലക്ഷം ടണ്ണായിരുന്നുവെന്ന് അവർ അവകാശപ്പെടുന്നു.
ആഭ്യന്തര റബർ ഉത്പാദനം ഇടിഞ്ഞത് ടയർ വ്യവസായ വളർച്ച മുരടിപ്പിക്കുമെന്ന നിലപാടിലാണവർ. ആഭ്യന്തര റബർ ഉത്പാദനത്തിൽ 70 ശതമാനവും ടയർ കന്പനികളാണ് ശേഖരിക്കുന്നത്. പുതിയ സാഹചര്യത്തിൽ ഇറക്കുമതി കൂടുതൽ സുതാര്യമാക്കണമെന്ന ആവശ്യവുമായി വ്യവസായ ലോബി വാണിജ്യമന്ത്രാലയത്തിൽ ചരടുവലികൾ തുടങ്ങുമെന്ന കാര്യം വ്യക്തം. കേന്ദ്രത്തെ സംബന്ധിച്ച് റബർ കർഷകരെയല്ല, ടയർ ലോബിയെ തൃപ്തിപ്പെടുത്തുന്നതിനുതന്നെയാവും മുൻതൂക്കം.
പ്രതീക്ഷയിൽ സുഗന്ധവ്യഞ്ജന വിപണി
സുഗന്ധവ്യഞ്ജന വിപണി വാരത്തിന്റെ രണ്ടാം പകുതിയിൽ ഹോളിഡേ മൂഡിലായിരുന്നു. നവരാത്രി ആഘോഷങ്ങളിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ മുഴുകിയതോടെ പുതിയ അന്വേഷണങ്ങൾ താത്കാലികമായി നിലച്ചു. അവിടത്തെ വൻകിട സ്റ്റോക്കിസ്റ്റുകൾ ഈ വാരമധ്യം മുതൽ ദീപാവലിക്കുള്ള കുരുമുളക് അടക്കമുള്ള ഉത്പന്നങ്ങൾക്കായി രംഗത്ത് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് മലഞ്ചരക്ക് വ്യാപാരികൾ.
കാർഷിക മേഖലയും മെച്ചപ്പെട്ട വില പ്രതീക്ഷിച്ച് ഇനിയുള്ള ദിവസങ്ങളിൽ മാർക്കറ്റിലെ ഓരോ ചലനങ്ങളെയും സസൂക്ഷ്മം വിലയിരുത്തും. അന്താരാഷ്ട്ര വിപണിയിൽ കുരുമുളക് നേരിയ റേഞ്ചിൽ നീങ്ങി. ഇന്ത്യൻ വില ടണ്ണിന് 8000 ഡോളറാണ്. ബ്രസീൽ 6900 ഡോളറിനും വിയറ്റ്നാം 7100 ഡോളറിനും ഇന്തോനേഷ്യേ 7400 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
ഉത്തരേന്ത്യൻ വ്യാപാരികൾ ഉത്സവ ദിനങ്ങളുടെ ഭാഗമായി ചുക്ക് മാർക്കറ്റിൽ നിന്നും അകന്നത് വിലത്തകർച്ച സൃഷ്ടിച്ചു. വിപണികളിൽ ചുക്ക് സ്റ്റോക്ക് നാമമാത്രം, എന്നാൽ, വൻ വില മോഹിച്ച് ഇഞ്ചി കർഷകരും ചുക്ക് ഉത്പാദകരും ചരക്ക് ശേഖരിച്ചിട്ടുണ്ട്. ദീപാവലിക്ക് ശേഷം ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ശൈത്യകാലത്തിലേക്ക് പ്രവേശിക്കുന്നതോടെ വൻ ഓർഡറുകൾ എത്തുമെന്ന വിശ്വാസത്തിനിടയിലാണ് കാർഷിക മേഖലയെ ഞെട്ടിച്ച് വില ഇടിഞ്ഞത്.
സീസണിൽ ഉയർന്ന വിലയ്ക്ക് പച്ച ഇഞ്ചി സംഭരിച്ച് ചുക്കാക്കിയവർക്ക് നിലവിലെ വിലയിൽ ഉത്പന്നം കൈമാറ്റം കനത്ത സാമ്പത്തിക നഷ്ടത്തിന് ഇടയാക്കും. വിലയിടിവിൽ കയറ്റുമതിക്കാർ ചരക്ക് പരമാവധി വാങ്ങിക്കൂട്ടാം. വൈകാതെ ഉത്തരേന്ത്യയിൽനിന്നും അറബ് രാജ്യങ്ങളിൽ നിന്നും പുതിയ ഓർഡറിനുള്ള സാധ്യത അവർ മുന്നിൽ കാണുന്നു. മീഡിയം ചുക്ക് 30,000 രൂപ ബെസ്റ്റ് ചുക്ക് 35,000 രൂപ.
ദീപാവലി പ്രതീക്ഷയിൽ വെളിച്ചെണ്ണ
നാളികേരോത്പന്ന വിപണി ദീപാവലി ഡിമാന്ഡിനെ ഉറ്റുനോക്കുന്നു. കാൽ നൂറ്റാണ്ട് മുമ്പ് വരെ ദീപാവലി വേളയിൽ നിത്യേനെ 10,000 ക്വിന്റൽ വെളിച്ചെണ്ണ കോൽക്കത്തയിലേക്കും മുംബെയിലേക്കും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും കയറ്റുമതി നടത്തിയിരുന്നു.
കാലം മാറിയതോടെ വിൽപ്പനയുടെ ആധിപത്യം കേരളത്തിൽനിന്നും തമിഴ്നാട് കൈക്കലാക്കിയെങ്കിലും ഉത്സവ ദിനങ്ങളിൽ എണ്ണയും കൊപ്രയും മികവ് കാണിക്കാറുണ്ട്. നിലവിൽ വിപണിനിയന്ത്രണം കാങ്കയത്തിനാണ്. കൊച്ചിയിൽ രണ്ടാം വാരവും വെളിച്ചെണ്ണ 19,400 രൂപയിലും കൊപ്ര 13,000 രൂപയിലുമാണ്. കാർഷിക മേഖലകളിൽ പച്ചതേങ്ങ കൊപ്ര ക്ഷാമം തുടരുമെന്നത് വിപണിക്ക് കരുത്ത് പകരാം.
ആഭരണ വിപണികളിൽ സ്വർണം സർവകാല റിക്കാർഡ് നിരക്കായ 56,960 രൂപയിൽ. വാരത്തിന്റെ തുടക്കത്തിൽ 56,200ലേക്ക് താഴ്ന്നശേഷമാണ് മികവ് കാണിച്ചത്. ഒരു ഗ്രാമിന്റെ വില 7120 രൂപ.