ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കി!
Saturday, August 24, 2019 12:13 AM IST
ലീഡ്സ്: മൂന്നാം ആഷസ് ടെസ്റ്റ് ക്രിക്കറ്റിൽ ബാറ്റ്സ്മാന്മാരെ എറിഞ്ഞൊതുക്കി ബൗളർമാർ കളംവാഴുന്നു. ആദ്യ ഇന്നിംഗ്സിൽ 179 റണ്‍സിനു പുറത്തായ ഓസ്ട്രേലിയ, തുടർന്ന് ക്രീസിലെത്തിയ ഇംഗ്ലണ്ടിനെ 67 റണ്‍സിന് ചുരുട്ടിക്കൂട്ടി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹെയ്സൽവുഡിന്റെ പേസ് ബൗളിംഗിന് മുന്നിൽ ഇംഗ്ലണ്ട് ബാറ്റ്സ്മാൻമാർ നിലംപൊത്തുകയായിരുന്നു. ഇതോടെ ഒന്നാമിന്നിംഗ്സിൽ ഓസ്ട്രേലിയക്ക് 112 റണ്‍സ് ലീഡ് ലഭിച്ചു.
12 റണ്‍സെടുത്ത ജോ ഡെൻലി മാത്രമാണ് ഇംഗ്ലീഷ് നിരയിൽ രണ്ടക്കം കണ്ടത്. 12.5 ഓവറിൽ ഹെയ്സൽവുഡ് 30 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിൻസ് മൂന്നും പാറ്റിൻസണ് രണ്ടും വിക്കറ്റെടുത്തു.
ജോഫ്ര ആർച്ചറുടെ 45 റണ്‍സിന് ആറ് വിക്കറ്റ് പ്രകടനമാണ് ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 179ൽ ഒതുക്കിയത്. അർധ സെഞ്ചുറി നേടിയ മാർനസ് ലെബുഷെയ്ൻ (74 റണ്‍സ്) ഓപ്പണർ ഡേവിഡ് വാർണർ (61 റണ്‍സ്) എന്നിവർ ചെറുത്തുനിന്നു. രണ്ടാം ഇന്നിംഗ്സിനു ക്രീസിലെത്തിയ ഓസ്ട്രേലിയ 25 ഓവർ പൂർത്തിയായപ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 83 റണ്‍സ് എടുത്തിട്ടുണ്ട്.