വിലക്കയറ്റവും തൊഴിൽ നഷ്ടവും: ഐഎൻടിയുസി പ്രക്ഷോഭത്തിലേയ്ക്ക്
1228371
Friday, October 7, 2022 11:15 PM IST
നെടുമങ്ങാട്: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിലും സംഘടിത, അസംഘടിത മേഖലകളിലെ തൊഴിൽ നഷ്ടം പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ ഒരു നടപടിയും കൈക്കൊള്ളുന്നില്ലെന്ന് ആരോപിച്ച് ഐഎൻടിയുസി പ്രക്ഷോഭത്തിലേയ്ക്ക്.
പെട്രോൾഡീസൽ പാചകവാതക ഇന്ധനങ്ങളുടെ സംസ്ഥാന നികുതി ഇളവു ചെയ്യണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ നടപ്പാക്കുന്നതിൽ സർക്കാർ മൗനം പാലിക്കുന്നതിലും പ്രതിഷേധിച്ച് ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി സർക്കാരിനു സമർപ്പിച്ച 42 ഇന അവകാശപത്രിക സർക്കാർ അംഗീകരിക്കണമെന്നാവശ്യപ്പെട്ട്പ്രക്ഷോഭം സംഘടിപ്പിക്കാൻ നെടുമങ്ങാട് ചേർന്ന് ഐഎൻടിയുസി നേതൃസമ്മേളനം തീരുമാനിച്ചു.
ഇതിനു മുന്നോടിയായി ജില്ലയിലെ 100 കേന്ദ്രങ്ങളിൽ തൊഴിലാളി പ്രതിഷേധ സദസുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.
നെടുമങ്ങാട് ധനലക്ഷ്മി ഒാഡിറ്റോറിയത്തിൽ നടന്ന ഐഎൻടിയുസി മേഖലാ നേതൃ സമ്മേളനം ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി നെടുമങ്ങാട് മേഖലാ പ്രസിഡന്റ് എ.നൗഷാദ് ഖാൻ അധ്യക്ഷത വഹിച്ചു.
മേഖലാ നേതൃ യോഗത്തിൽ എസ്.എൻ.പുരം ജലാൽ, അഡ്വ.കല്ലറ ബാലചന്ദ്രൻ, അരുവിയോട് സുരേന്ദ്രൻ, വെട്ടു റോഡ്സലാം, നെട്ടിറച്ചിറജയൻ, എം.എം.അഷറഫ്, വട്ടപ്പാറ സനൽ, താഹിർ നെടുമങ്ങാട്, എ.എസ്.ചന്ദ്ര പ്രകാശ്, വാമനപുരം സാബു, വെഞ്ഞാറമൂട് സനൽ, അജ്ഞനാശക്തി, പ്രസന്നൻ നായർ, വിലങ്ങറ വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.