സുരക്ഷിത വിനോദസഞ്ചാരം : പൊന്മുടി കർമസേന രൂപീകരിച്ചു
1245477
Saturday, December 3, 2022 11:44 PM IST
വിതുര : വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിൽ പൊന്മുടി കർമസേന എന്ന പേരിൽ പ്രത്യേക ടീം രൂപീകരിച്ചു. സുരക്ഷിത വിനോദസഞ്ചാരം ഉറപ്പാക്കുന്നതിനും, സഞ്ചാരികൾക്കുള്ള മാർഗനിർദേശങ്ങൾ നൽകുന്നതിനും അടിയന്തര സാഹചര്യമുണ്ടായാൽ വിനോദസഞ്ചാരികളെ സഹായിക്കുന്നതിനും, സംരക്ഷിത വനപ്രദേശങ്ങളിലെ മാലിന്യ നിക്ഷേപം നിയന്ത്രിക്കുന്നതിനുമായാണ് സേന രൂപീകരിച്ചിട്ടുള്ളത്.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ.ഐ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. പാലോട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എസ്.രമ്യ, പൊന്മുടി വനസംരക്ഷണ സമിതി പ്രസിഡന്റ് എം.സുനീഷ്, സെക്രട്ടറി വി.വിജു, എ.അരുൺ എന്നിവർ പങ്കെടുത്തു. വനസംരക്ഷണ സമിതി പ്രവർത്തകരായ സേനാംഗങ്ങൾക്ക് പ്രത്യേക പരിശീലനം നൽകും. ദുരന്തനിവാരണ അഥോറിറ്റിയുടെ അനുമതി ലഭിച്ചാൽ ഉടൻ പൊന്മുടി തുറന്നു പ്രവർത്തിക്കുമെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.