പ്രായം തളർത്താത്ത പെൺകരുത്ത്: ഓട്ടോ മുതൽ ഷീ-ടാക്സി വരെ
1396879
Saturday, March 2, 2024 6:23 AM IST
മെഡിക്കല്‍കോളജ്: പ്രായം 70 കഴിഞ്ഞു. ആനി ഇപ്പോഴും സ്ട്രോംഗാണ്. സീറ്റ് ബെല്‍റ്റിട്ട് ഡ്രൈവിംഗ് സീറ്റിലിരുന്ന് വളയം പിടിക്കുകയാണ് തിരുവനന്തപുരം ഉള്ളൂര്‍ പി.ടി.ചാക്കോ നഗര്‍ സ്വദേശിനി പി.ഡി.ആനി പ്രായം തനിക്കുമുന്നിൽ വെറും നമ്പരുകള്‍ മാത്രമെന്ന് ഓര്മിപ്പിക്കുകയാണിവർ. അത്യാവശ്യ യാത്രകൾക്കായി ടെലിഫോണിലൂടെ ബന്ധപ്പെടുന്നവരെ പിന്‍സീറ്റിലിരുത്തി ഇപ്പോഴും കുതിക്കുകയാണീ ഷീ ടാക്സി ഡ്രൈവര്‍.
ഷീ ടാക്സി പദ്ധതിയിലെ ഏറ്റവും മുതിര്‍ന്ന ഡ്രൈവറാണ് ആനി. എന്നാൽ ഡ്രൈവിംഗ് തനിക്കു ത്രില്ലും ജീവനോപാധിയുമാണ്. അന്യസംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ നിരവധി ലോംഗ് ട്രിപ്പുകള്‍ സ്ഥിരമായി പോകുന്ന ആനി 1973-ല്‍ സ്വദേശമായ തൃശൂരില്‍ തന്റെ 18-ാം വയസിലാണ് ആദ്യമായി ഓട്ടോറിക്ഷ ഓടിക്കാന്‍ ലൈസന്‍സ് എടുക്കുന്നത്.
ഒരു സ്ത്രീ ഓട്ടോറിക്ഷയോടിക്കാൻ അക്കാലത്ത് ലൈസൻസ് എടുക്കുന്നത് നാട്ടിലെ ആദ്യ സംഭവമായിരുന്നു. അതിനാൽ തന്നെ നാട്ടിലെ ചിലർ പരിഹസിച്ചിരുന്നു. കൃത്യം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ കാര്‍ ലൈസന്‍സ് സ്വന്തമാക്കിയ ആനി 1978-ല്‍ ഹെവി ലൈസന്‍സ് എടുത്ത് ലോറിയോടിച്ചു തുടങ്ങി.
ഇതോടെ പരിഹസിച്ചവർ "ഇവള് പുലിയല്ല... പുപ്പുലിയാണ്' എന്നു പറയാൻ തുടങ്ങി. ഒരു പക്ഷേ കേരളത്തില്‍ ഹെവി ലൈസന്‍സ് സ്വന്തമാക്കിയ ആദ്യ വനിതകളിലൊരാളായിരിക്കും ആനിയും.
അക്കാലത്ത് ഒരു ബന്ദ് ദിവസം ആനി ഓട്ടോയുമായി തൃശൂര്‍ നഗരത്തിലൂടെ പോയപ്പോള്‍ സമരാനുകൂലികള്‍ വാഹനം തടഞ്ഞു. സംഭവം വാര്‍ത്തയായി. വിവരമറിഞ്ഞ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന് ആനിക്ക് ഒരു ഓഫര്‍ നല്കി. പോലീസില്‍ ഡ്രൈവറായി പോന്നോളാന്‍. എന്നാല്‍ കുടുംബപരമായ കാരണങ്ങള്‍ കൊണ്ടത് സ്വീകരിക്കാനായില്ല.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആനിയെ അഭിനന്ദിച്ചു കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്. ഷീ ടാക്സിയില്‍ മാത്രം ഒന്നര ലക്ഷത്തിലധികം കിലോമീറ്റര്‍ ആനി ഓടിച്ചുകഴിഞ്ഞു. സവാരിക്ക് കുടുംബമായി എത്തുന്നവരെ പിന്നിലിരുത്തി ഇപ്പോഴും ലോംഗ് ട്രിപ്പുകള്‍ പോകാന്‍ ആനിക്ക് മടിയില്ല.
ഇതേവരെ ഓട്ടം പോയ ഒരിടങ്ങളിലും ദുരനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ആനിപറയുന്നു. ലോണെടുത്താണ് ഷീ ടാക്സിക്കായി കാര്‍ വാങ്ങിയത്. കൊവിഡ് കാലത്ത് ഓട്ടം കുറഞ്ഞതോടെ തിരിച്ചടവു മുടങ്ങി. ലോണ്‍ തിരിച്ചടവില്‍ സര്‍ക്കാരിന്റെ കൈത്താങ്ങ് വേണമെന്നാണ് ആനിയുടെ ഇപ്പോഴത്തെ അഭ്യര്‍ഥന.