കെഎസ്യു പ്രവർത്തകർ പഠനക്യാമ്പിനിടെ തമ്മിൽത്തല്ലി
1425254
Monday, May 27, 2024 1:37 AM IST
കാട്ടാക്കട: പഠനക്യാമ്പിനിടെ കെഎസ്യു പ്രവർത്തകർ തമ്മിൽത്തല്ലി. നെയ്യാർ ഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന പഠനശിബിരത്തിനിടെയാണ് കെഎസ്യു പ്രവർത്തകർ ഗ്രൂപ്പു തിരിഞ്ഞ് ഏറ്റുമുട്ടിയത്. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. സംഘർഷത്തെ തുടർന്ന് ക്യാമ്പ് നിർത്തിവെയ്ക്കാൻ കെപിസിസി നേതൃത്വം നിർദേശം നൽകി.
രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജനൽ ചില്ലുകൾ തകർന്നു. കൂട്ടത്തല്ലിൽ നിരവധി ഭാരവാഹികൾക്കും പരിക്കേറ്റു. കെപിസിസി നേതൃത്വത്തെ ചൊല്ലിയുള്ള തർക്കമാണു സംഘർഷത്തിനു വഴി വച്ചത്. സംഘർഷത്തിൽ കെഎസ്യു പാറശാല നിയോജക മണ്ഡലം പ്രസിഡന്റ് സുജിത്തിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. നെടുമങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് അഭിജിത്തിനും പരിക്കേറ്റു. ഇരുവരും നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
രാത്രി മദ്യപിച്ചാണ് നേതാക്കൾ തമ്മിൽ ഏറ്റുമുട്ടിയതെന്ന റിപ്പോർട്ട് കോൺഗ്രസ് നേതൃത്വത്തിനും തിരിച്ചടിയായി. ഈ സമയം കോൺഗ്രസ് നേതാക്കളാരും അവിടെ ഉണ്ടായിരുന്നില്ല. കെഎസ്യു സംസ്ഥാന എക്സിക്യൂട്ടീവിൽ തയാറാക്കിയ പ്രവർത്തന കലണ്ടർ പ്രകാരമുള്ള മേഖലാ ക്യാമ്പുകളിൽ ഒന്നാണ് നെയ്യാർ ഡാമിൽ നടന്നത്.
തെക്കൻ ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുക്കുന്ന "റിസർജൻസ്' തെക്കൻ മേഖല ക്യാന്പ് നെയ്യാർ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റ് സ്റ്റഡീസിൽ കഴിഞ്ഞ ദിവസമാണ് തുടങ്ങിയത്.
സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പതാക ഉയർത്തി. ഡിസിസി പ്രസിഡന്റ് പാലോട് രവി, കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ. യദുകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ, സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്.