വീടിനു സമീപത്തെ മദ്യപാനം ചോദ്യം ചെയ്ത വീ​ട്ട​മ്മ​യ്ക്ക് നെ​ഞ്ചി​ല്‍ കു​ത്തേ​റ്റ കേ​സി​ലെ ര​ണ്ടാംപ്ര​തി അ​റ​സ്റ്റി​ല്‍
Thursday, September 19, 2024 6:27 AM IST
പൂ​ന്തു​റ: വീ​ടി​നു സ​മീ​പ​ത്തു സം​ഘം ചേ​ര്‍​ന്ന് മ​ദ്യ​പി​ച്ച​തു ചോ​ദ്യം ചെ​യ്ത വീ​ട്ട​മ്മ​യ്ക്ക് നെ​ഞ്ചി​ല്‍ കു​ത്തേ​റ്റു. ബീ​മാ​പ​ള​ളി ബ​ദ​രി​യ​ന​ഗ​ര്‍ ടി.​സി-71 /1415 -ല്‍ ​കു​മാ​രി​ക്കാ​ണ് നെ​ഞ്ചി​ല്‍ ആ​ഴ​ത്തി​ല്‍ കു​ത്തേ​റ്റ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടു മ​ണി​യോ​ടു​കൂ​ടി കു​മാ​രി​യു​ടെ വീ​ടി​ന് മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്.

വീ​ടി​നു മു​ന്നി​ലെ പ​റ​മ്പി​ലാ ണ് നാ​ല്‍​വ​ര്‍ സം​ഘം മ​ദ്യ​പാ​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്ന​ത്. ബീ​മാ​പ​ള്ളി ബ​ദ​രി​യ​ന​ഗ​ര്‍ സ്വ​ദേ​ശി​ക​ളാ​യ കേ​സി​ലെ ഒ​ന്നാം പ്ര​തി ഷാ​ജി, ര​ണ്ടാംപ്ര​തി മാ​ഹീ​ന്‍ ജോ​ണ്‍​സ​ണ്‍ (43) , മൂന്നാം പ്ര​തി സു​ല്‍​ഫി, നാ​ലാം പ്ര​തി വെ​ള്ള മാ​ഹീ​ന്‍ എ​ന്നി​വ​രാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്.

മ​ദ്യ​പി​ച്ച​തു ചോ​ദ്യം ചെ​യ്ത കു​മാ​രി​ക്കു നേരെ ര​ണ്ടാംപ്ര​തി മാ​ഹീ​ന്‍ ജോ​ണ്‍​സ​ണ്‍ അശ്ലീലം കാണിച്ചതാ ണ് സംഘർഷത്തിനു കാരണം. സ​മീ​പ​വാ​സി​യാ​യ ന​ന്ദു ഇതു ചോ​ദ്യം ചെ​യ്തപ്പോൾ മൂന്നാം പ്രതി സു​ല്‍​ഫി ഇ​രു​മ്പു ക​മ്പി കൊ​ണ്ട് ന​ന്ദു​വി​ന്‍റെ ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു.


ത​ല​യി​ല്‍ ആ​ഴ​ത്തി​ല്‍ മു​റി​വേ​റ്റ ന​ന്ദു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ന​ന്ദു​വി​നെ മർദിക്കുന്നതു ചെ​റു​ക്കു​ന്ന​തി​നി​ടെ കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ ഷാ​ജി ക​ത്തികൊ​ണ്ട് കു​മാ​രി​യു​ടെ നെ​ഞ്ചി​ല്‍ ആ​ഴ​ത്തി​ല്‍ കു​ത്തു​ക​യാ​യി​രു​ന്നു. കു​ത്തേ​റ്റ കു​മാ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ്. സം​ഭ​വശേ​ഷം പ്ര​തി​ക​ള്‍ നാ​ലു​പേ​രും സ്ഥ​ല​ത്തു​നി​ന്നും ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

കു​മാ​രി​യു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​വേ​യാ​ണ് ബു​ധ​നാ​ഴ്ച കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യ മാ​ഹീ​ന്‍ പോലീ​സി​ന്‍റെ വ​ല​യി​ലാ​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ മാ​ഹീ​നെ റി​മാ​ന്‍​ഡ് ചെ​യ്തു. പൂ​ന്തു​റ സി​ഐ സാ​ജു, എ​സ്​ഐ സു​നി​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് സം​ഘ​മാ​ണ് മാ​ഹീ​നെ പി​ടി​കൂ​ടി​യ​ത്.