അന്പലമുക്ക് വിനീത കൊലക്കേസ് : കൂടുതൽ സാക്ഷികളെ വിസ്തരിക്കാൻ അനുമതി
1459303
Sunday, October 6, 2024 5:54 AM IST
തിരുവനന്തപുരം: പേരൂർക്കടയിലെ അലങ്കാരച്ചെടി വിൽപനകേന്ദ്രത്തിലെ ജീവനക്കാരിയും നെടുമങ്ങാട് കരിപ്പൂർ സ്വദേശിനിയുമായ വിനീതയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ കുറ്റവാസനയും സ്വഭാവ വൈകല്യവും തെളിയിക്കാൻ 13 സാക്ഷികളെ കൂടുതലായി വിസ്തരിക്കാൻ അനുവദിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിച്ചു. അഞ്ചാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി പ്രസൂണ്‍ മോഹനാണ് പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ചത്.
കേസിലെ പ്രതിയും കന്യാകുമാരി തോവാള വെളളമഠം രാജീവ് നഗർ സ്വദേശിയുമായ രാജേന്ദ്രന്റെ സ്വഭാവവൈകല്യവും കുറ്റവാസനയും തെളിയിക്കാൻ പ്രതി വിനീതയെ കൊലപ്പെടുത്തുന്നതിന് തൊട്ടു മുന്‍പു നടത്തിയ മൂന്നു കൊലപാതക കേസുകൾ അന്വേഷിച്ച തമിഴ്നാട്ടിലെ ക്രൈംബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥരെയും, ഫോറൻസിക് വിദഗ്ധരെയും വിസ്തരിക്കാൻ അനുവദിക്കണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.
തിരുനെൽവേലി ആരൽവാമൊഴി വെള്ളമഠം സ്വദേശിയും കസ്റ്റംസ് ഉദ്യോഗസ്ഥനുമായ സുബ്ബയ്യ, ഭാര്യ വാസന്തി, മകൾ 13 കാരി അഭിശ്രീ എന്നിവരെ 2015ൽ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ കഴിയവെയാണ് പ്രതി ഹോട്ടൽ ജോലിക്കായി പേരൂർക്കടയിൽ എത്തിയത്. കോവിഡ് നിയന്ത്രണങ്ങൾ ഉളള സമയം അലങ്കാരച്ചെടി വിൽപനകേന്ദ്രത്തിനുമുന്നിലൂടെ പോയ പ്രതി വിനീതയുടെ കഴുത്തിൽ കിടന്ന സ്വർണമാല കവരുന്നതിനാണു കൊലപാതകം നടത്തിയത്. 2022 ഫെബ്രുവരി ആറിന് ഉച്ചയോടെയായിരുന്നു കൊലപാതകം.