നഷ്ടപരിഹാരം വൈകുന്നു : വിഴിഞ്ഞം-നവായിക്കുളം ഔട്ടർ റിംഗ്റോഡ്: സ്ഥലം വിട്ടുനൽകിയവർ പ്രതിഷേധത്തിൽ
1547816
Sunday, May 4, 2025 6:58 AM IST
വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖത്തുനിന്നും കരമാർഗം ചരക്കുനീക്കം സാധ്യമാക്കുന്നതിലേക്ക് നിർമിക്കാൻ ഉദ്ദേശിക്കുന്ന വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡിനുവേണ്ടി സ്ഥലം വിട്ടുനൽകിയവർ പ്രക്ഷോഭത്തിനൊരുങ്ങുന്നു. സ്ഥലം ഏറ്റെടുത്ത് രണ്ടര വർഷം പിന്നിട്ടിട്ടും നഷ്ടപരിഹാരത്തുക അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് നാട്ടുകാ ർ രണ്ടാംഘട്ട പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്.
വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡ് ജനകീയ സമിതി നേതാക്കൾ കഴിഞ്ഞ ദിവസം നാഷണൽ ഹൈവേ അഥോ റിറ്റി ഓഫ് ഇന്ത്യ റീജണൽ ഓഫീസറുമായും പ്രോജക്ട് ഡയറക്ടറുമായും നടത്തിയ ചർച്ചകൾ പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ വിഴിഞ്ഞം മുതൽ നാവായിക്കുളം വരെയുള്ള 6,800 ഓളം വരുന്ന സ്ഥലം ഉടമകൾ വരും നാളുകളിൽ എൻഎച്ച് അഥോറിറ്റി അധികാരികളെ ഉപരോധിക്കുന്നത് ഉൾപ്പെടെയുള്ള പ്രക്ഷോഭ പരിപാടികളിലേക്കു നീങ്ങാൻ തീരുമാനിച്ചതായി ജനകീയ സമിതിനേതാക്കൾ അറിയിച്ചു.
2023 മാർച്ചിൽ സ്ഥലമുടമകളിൽനിന്നും രേഖകൾ അധികാരികൾ കൈപ്പറ്റിയിരുന്നു. നിർദിഷ്ട ഹൈവേക്ക് ഔദ്യോഗികമായ അനുമതി ലഭിക്കുന്നതിനു മുമ്പായിട്ടായിരുന്നു രേഖകൾ ഏറ്റുവാങ്ങിയത്. അന്തിമ അനുമതിക്കായി പ്രസ്തുത ഫയൽ കേന്ദ്രസർക്കാരിന്റെ കൈവശമാണെന്നാണു നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ അധികാരികൾ ഇപ്പോൾ പറയുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഇതിൽ ഗുരുതരമായ വീഴ്ച പറ്റിയതായി ജനകീയ സമരസമിതി നേതാക്കൾ ആരോപിച്ചു.
സംസ്ഥാനത്തെയും കേന്ദ്രത്തെയും അധികാരികളെയും എംഎൽഎമാരെയും മന്ത്രിമാരെയും എംപിമാരെയും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളെയും ഉദ്യോഗസ്ഥ പ്രമുഖരെയും കണ്ടു നിവേദനങ്ങൾ സമർപ്പിച്ച് രണ്ടര വർഷം കഴിഞ്ഞിട്ടും യാതൊരുവിധ നടപടികളും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. സംസ്ഥാന സർക്കാർ അവരുടെ വിഹിതം നൽകിയെന്നു പറയുന്നുണ്ടെങ്കിലുംകേന്ദ്ര അധികാരികൾ ഇപ്പോഴും മൗനത്തിലാണ്.
കഴിഞ്ഞ മാസം നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ റീജണൽ ഓഫീസറുടെ ഓഫീസ് ഉപരോധിച്ചപ്പോൾ ഏപ്രിൽ മാസം പത്താം തീയതിക്കുമുമ്പ് നഷ്ടപരിഹാര തുക നൽകിത്തുടങ്ങുമെന്ന് ഉറപ്പു നൽകിയിരുന്നു. എന്നാൽ യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ല എന്നാണ് കഴിഞ്ഞ ദിവസത്തെ ചർച്ചയിൽനിന്നും മനസിലാക്കാൻ കഴിഞ്ഞത്.
വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിംഗ് റോഡ് ജനകീയ സമിതി കൺവീനർ സിസിലിപുരം പി. വിജയൻ, ചെയർമാൻ ചന്ദ്രമോഹനൻ നായർ, കോ-ഓർഡിനേറ്റർ ഹാഷിം, ജോയിന്റ് കൺവീനർ എസ്. സുരേഷ്കുമാർ, വടക്കേവിള രാജൻ, അഡ്വ. കെ. വി. അഭിലാഷ്, വിളപ്പിൽ അജിത തുടങ്ങിയവർ കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ പങ്കെടുത്തു.