പെറ്റിയിൽ വലഞ്ഞ് റോബര്‍ട്ട്
1547588
Saturday, May 3, 2025 7:26 AM IST
വെള്ളറട: വിദേശത്ത് പോകുന്നതിന് മുമ്പ് വിറ്റ ബൈക്ക് തലവേദനയായി മാറി ഒരു സാധാരണക്കാരന്. 2023 -ല്‍ എഐകാമറകള് സ്ഥാപിച്ചതോടെ മറ്റാരോ ഓടിക്കുന്ന ബൈക്കിന് വെള്ളറട സ്വദേശി റോബര്‍ട്ട് രാജിന് കിട്ടിയത് 35 പെറ്റികള്‍. 2013 ഓഗസ്റ്റിലാണ് വിദേശത്ത് പോകുന്നതിന്റെ തലേന്നാള്‍ കെഎല്‍ 19- 7963 എന്ന സ്പ്ലെണ്ടര്‍ ബൈക്ക് കച്ചവടക്കാര്‍ക്ക് വില്‍ക്കുന്നത്.
ട്രാന്‍സ്ഫര്‍ ഫോം ഒപ്പിട്ട് ബൈക്ക് വാങ്ങുന്നയാളിന്റെ പേരിലേക്ക് വാഹനം മാറ്റാനുളള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് വിദേശത്തേക്ക് പോയത് . റോബര്‍ട്ട് രാജ് 2019-ല്‍ വിദേശത്തു നിന്ന് മടങ്ങിയെത്തി. എന്നാല്‍ എഐ കാമറ സ്ഥാപിച്ചതോടെ പേര് മാറാതെ ഓടിയ ബൈക്കിന്റെ പെറ്റികള്‍ വന്ന് തുടങ്ങി.
പെറ്റി കൈയില്‍ കിട്ടിയതോടെ പാറശാല ആർടി ഓഫീസിലെത്തി പരിശോധിക്കുമ്പോഴാണ് 35 ലധികം പെറ്റികള്‍ തന്റെ പേരില്‍ ഉള്ളതായി അറിയുന്നത്. നെയ്യാറ്റിന്‍കര ,ബാലരാമപരം പ്രദേശങ്ങളില്‍ ഓടുന്ന വണ്ടി 15 വര്‍ഷം മുമ്പ് വിറ്റ റോബര്‍ട്ട് രാജിന് തലവേദനയായി മാറുകയാണ
നിലവില്‍ ബൈക്ക് ഓടിക്കുന്നയാളെ കണ്ടെത്തിയാല്‍ മാത്രമേ എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂ.
ഹെല്‍മറ്റില്ലാതെ കറങ്ങി നടക്കുന്നയാള് വാഹനം അപകടത്തില്‍ പെട്ട് എന്തെങ്കിലും സംഭവിച്ചാലും ഉത്തരവാദി ബൈക്ക് ഉടമയായ റോബര്‍ട്ട് രാജായിരിക്കും. ബൈക്ക് ഇപ്പോൾ ഓടിക്കുന്നയാളെ എങ്ങനെയെങ്കിലും കണ്ടുപിടിക്കാനുള്ള നെട്ടോട്ടത്തിലാണ് റോബർട്ട്.