വേനല്‍ മഴ: മതിലിടിഞ്ഞു ചായക്കടയിലേക്കു പതിച്ചു
1547826
Sunday, May 4, 2025 7:10 AM IST
വെള്ളറട: മതില് ഇടിഞ്ഞു ചായക്കടയില്‍ പതിച്ചു വന്‍ നാശ നഷ്ടം. കുറ്റിയാണിക്കാട്ടില് കനാല്‍ ബണ്ടിനു സമീപത്തെ വിടവിലൂടെ ഉണ്ടായ വെള്ളമൊഴുക്കില്‍ സമീപത്തെ സ്വകാര്യ മതില് ഇടിഞ്ഞു ചായക്കടയില്‍ പതിച്ച് വലിയ നാശ നഷ്ടംമുണ്ടായി. കുറ്റിയാണിക്കാട് വില്ലേജ് ഓഫീസിനു സമീപം മുരളീധരന്റെ ചായക്കടയിലാണു നാശ നഷ്ടം ഉണ്ടായത്. വെള്ളിയാഴ്ച രാത്രി ശക്തമായി പെയ്ത മഴയില്‍ ആണ് നാശ നഷ്ടം. കടയുടെ ഒരു വശം പൂര്‍ണമായി തകര്‍ന്നു. സാധനസാമഗ്രികളും മണ്ണിനടിയിലായി.
കടയില്‍ ഉണ്ടായിരുന്നവര്‍ ഓടി മാറിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ലക്ഷം രൂപയില്‍ അധികം നാശ നഷ്ടം സംഭവിച്ചിട്ടുള്ളതായി ഉടമ പറഞ്ഞു. മതില് ഇടിഞ്ഞു വീണതോടെ സമീപത്തെ അനിയുടെ വീടും തകര്‍ച്ചാഭീഷണിയില്‍ ആണ്. നെയ്യാര്‍ ഇടതുകര കനാലില്‍ നിന്നു വരുന്ന കൈച്ചാലില് നിന്നാണ് ചോര്‍ച്ച ഉണ്ടായത്. കനാലിലെ വെള്ളം തുറന്നു വിടുന്നതിനുള്ള ഷട്ടര്‍ വെള്ളം തങ്ങിനിന്ന് കല്ലിനിടയിലൂടെയാണ് അമിതമായി വെള്ളം ഒഴുകി യെത്തിയതെന്നു നാട്ടുകാര്‍ പറഞ്ഞു.
ഇവിടെ ഷട്ടര്‍ ജീര്‍ണിച്ച നിലയിലാണ്. കൂടാതെ സമീപത്തെ പാലവും അപകടാവസ്ഥയിലാണ്. ഇക്കാര്യം പല തവണ ബന്ധപെട്ട അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും പരിഹാരമുണ്ടായില്ലെന്നും പരിസരവാസികള്‍ പറയുന്നു. സമീപവാസികളുടെ വീടുകളും അപകട ഭീഷണിയിലാണ് മഴ ശമനമില്ലാതെ തുടരുകയാണ്.