ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് മദ്യവില്പന: ഡ്രൈവർ പിടിയിൽ
1547832
Sunday, May 4, 2025 7:10 AM IST
നെടുമങ്ങാട്: വെള്ളനാട്, അരുവിക്കര, ഉഴമലയ്ക്കൽ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ ഓട്ടോറിക്ഷയിൽ കറങ്ങിനടന്നു മദ്യവില്പന നടത്തിവന്ന ഉഴമലയ്ക്കൽ പുതുക്കുളങ്ങര വട്ടപ്പാറവിള ജിജോ ഭവനിൽ അനിയെ (48) എക്സൈസ് പിടികൂടി. പ്രതിയുടെ കൈവശം നിന്നും 20 കുപ്പി മദ്യവും (10 ലിറ്റർ), വില്പന നടത്തിക്കിട്ടിയ 4,900 രൂപയും വില്പന നടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും എക്സൈസ് അധികൃതർ കസ്റ്റഡിയിലെടുത്തു. ഡ്രൈഡേയുടെ ഭാഗമായുള്ള പ്രത്യേക പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലായത്.
ഒന്നാം തീയതി വൈകുന്നേരം അഞ്ചരയോടെ കൂവക്കുടി പാലത്തിനു സമീപം ഓട്ടോറിക്ഷയിൽ മദ്യവില്പന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. റേഞ്ച് ഇൻസ്പെക്ടർ എസ്. കുമാറിന്റെ നേതൃത്വത്തിൽ എക് സൈസ് അസിസ്റ്റന്റ് എക്സെെസ് ഇൻസ്പെക്ടർമാരായ ഏലിയാസ് റോയ്, വി. ഗിരീഷ്, പ്രീവൻറീവ് ഓഫീസർമാരായ ടി.വിനോദ്, എം.പി. ശ്രീകാന്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണു പ്രത്യേക ഡ്രൈ ഡേ പരിശോധന നടത്തിയത്.