വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് പാർട്ടി പരിപാടിയാക്കി മാറ്റി
1547571
Saturday, May 3, 2025 7:15 AM IST
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം : കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്മീഷനിംഗ് അച്ചടക്കമില്ലാത്ത പരിപാടിയാക്കി പാർട്ടിക്കാർ മാറ്റി. പിതൃത്വവും വികസനവും അവകാശപ്പെട്ട് പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും പ്രസംഗങ്ങൾ കത്തിക്കയറിയപ്പോൾ ബിജെപി, ഇടതുപക്ഷ പ്രവർത്തകരും നേതാക്കളും മുദ്രാവാക്യം വിളികളും ആർപ്പുവിളികളും കൈയടിയുമായി മുന്നേറി.
വിവിഐപികൾ വരുമ്പോൾ വേണ്ട അച്ചടക്കപ്രോട്ടോക്കോളും ലംഘിച്ചായിരുന്നു മുന്നേറ്റം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേന്ദ്ര സർക്കാരിന്റെ നേട്ടമാണെന്നും കേരള സർക്കാരിന്റെ നേട്ടമാണെന്നും വരുത്തിത്തീർക്കാൻ ബിജെപിക്കാരും സിപിഎമ്മുകാരും കഴിഞ്ഞ കുറെ ദിവസമായി ശ്രമം തുടങ്ങിയിരുന്നു. ഇതിനിടയിൽ തുറമുഖ നിർമാണത്തിന് കാരണക്കാരനായ ഉമ്മൻ ചാണ്ടിയെ എല്ലാവരും മറന്നു.
ബിജെപിയും സിപിഎമ്മും അവകാശവാദവുമായി രംഗത്തിറങ്ങിയപ്പോൾ കോൺഗ്രസുകാർ പിൻവലിഞ്ഞു. വിഴിഞ്ഞത്തും ജില്ലയിൽ ഉടനീളവും ബിജെപി, ഇടതുപക്ഷ നേതാക്കൻമാരുടെ പടവും വച്ച് ഇവരാണ് വികസന നായകരെന്ന് അവകാശപ്പെട്ടുമുള്ള ഫ്ലക്സ് ബോർഡുകൾ നിരത്തി ആഘോഷിച്ചപ്പോൾ , ഒരിക്കലും മറക്കില്ലെന്ന് എഴുതിയ ഉമ്മൻ ചാണ്ടിയുടെ പടം വച്ചുള്ള ചുരുക്കം ഫ്ലാക്സ് ബോർഡുകൾ കോൺഗ്രസുകാരും നിരത്തി.
കൊടി തോരണങ്ങൾ കൊണ്ട് വിഴിഞ്ഞം മുതൽ തുറമുഖ കവാടമായ മുല്ലൂർ വരെ അലങ്കരിച്ച് ശക്തി തെളിയിക്കാൻ ബിജെപിയും ഇടതുപക്ഷവും മത്സരിച്ചു. അത്തരം ശക്തി പ്രകടനം ഇന്നലെ ഉദ്ഘാനടവേദി നിറയ്ക്കാൻ ആൾക്കാരെ എത്തിക്കുന്നതിലും പ്രകടമായി. കാറുകളും മിനിവാഹനും ടൂറിസ്റ്റ് വാഹനങ്ങൾക്കുമുപരി തലസ്ഥാനത്ത് ഓടിയിരുന്ന പ്രൈവറ്റ് ബസുകളെയും ജനത്തെ എത്തിക്കാൻ ഇരുകൂട്ടരും രംഗത്തിറക്കി.
ശക്തി അറിയിച്ച് കൊടികൾ കെട്ടിയുള്ള വാഹനങ്ങളുടെ വൻനിര തന്നെ വിഴിഞ്ഞം മുല്ലൂരിൽ അണിനിരന്നു. രാവിലെ എട്ടര മുതൽ തുടങ്ങിയ വാഹന മത്സരം പ്രധാനമന്ത്രി എത്തുന്ന പതിനൊന്ന് വരെ തുടർന്നു. ബിജെപിയും സിപിഎമ്മും മത്സരിച്ച് ആൾക്കാരെ എത്തിച്ചതോടെ രാവിലെ ഒൻപതര യോടെ പ്രവേശനം നിയന്ത്രിക്കുമെന്ന അധികൃതരുടെ തീരുമാനവും പാഴായി.
നാടിന്റെ നാനാദിക്കിൽ നിന്ന് ഒഴുകിയെത്തിയ ജനക്കൂട്ടത്തെ കാര്യമായി പരിശോധനയ്ക്ക് പോലും നിൽക്കാതെ ഒടുവിൽ അധികൃതർക്ക് കയറ്റി വിടേണ്ട വന്നു. സദസിലെത്തിയ പ്രവർത്തകർ അച്ചടക്കം എന്ന പ്രോട്ടോക്കോൾ ലംഘിച്ചു. അതിനുള്ള വഴിമരുന്ന് സദസിലിരുന്ന നേതാക്കൾ തന്നെ ഇട്ടു നൽകി.
സ്വാഗത പ്രാസംഗികനായ മന്ത്രി വി.എൻ.വാസവന്റെ സ്തുതി പാടലും എൽഡിഎഫ് സർക്കാരിന്റെ നിശ്ചയദാർഢ്യമാണ് വിഴിഞ്ഞം പദ്ധതിയെന്നും കേരളത്തിന്റെ വികസനവിജയമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസംഗവുമെല്ലാം കൈയടിച്ചും ആർപ്പുവിളിച്ചും മുദ്രാവാക്യം വിളിച്ചും ഇടതുപക്ഷക്കാർ ഏറ്റെടുത്തു. ഇത് ഏറ്റുപിടിച്ച ബിജെപിക്കാർ പ്രധാനമന്ത്രി പ്രസംഗിക്കാൻ എണീറ്റതു മുതൽ ആഘോഷം തുടങ്ങി.പരസ്പരം മത്സരിച്ചുള്ള പ്രവർത്തകരുടെ ആവേശം തണുപ്പിക്കാൻ ആരും ശ്രമിച്ചതുമില്ല.