സാമൂഹ്യവിരുദ്ധ ശല്യം : പേരൂര്‍ക്കട യമുനാ നഗര്‍ റോഡില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം
1547578
Saturday, May 3, 2025 7:15 AM IST
പേരൂര്‍ക്കട: യമുനാ നഗര്‍ റോഡില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമായി. ജംഗ്ഷനില്‍ നിന്ന് ഉള്ളിലേക്കു പോകുന്ന യമുനാ നഗര്‍ ജംഗ്ഷനു സമീപമാണ് സാമൂഹികവിരുദ്ധശല്യം വർധിച്ചിരിക്കുന്നത്.
ഈ ഭാഗത്ത് മദ്യക്കുപ്പികളുടെ കൂമ്പാരമാണ് കണ്ടെത്താന്‍ സാധിക്കുന്നത്. മിനറല്‍ വാട്ടർ കുപ്പികളും ഇക്കൂട്ടത്തിലുണ്ട്.
ആളൊഴിഞ്ഞ സ്ഥലത്തിരുന്ന് മദ്യപിച്ചശേഷം ചിതറിക്കിടക്കുന്ന മദ്യക്കുപ്പികള്‍ ഇവര്‍തന്നെ എടുത്ത് യമുനാ നഗറിലെ ഒഴിഞ്ഞ സ്ഥലത്തുകൊണ്ടിടുകയാണ് പതിവ്. രാത്രി 10 മുതല്‍ റോഡുവശത്ത് തമ്പടിക്കുന്ന ഇവര്‍ അഞ്ചും ആറും പേരടങ്ങുന്ന സംഘങ്ങളായാണ് ഒത്തുകൂടുന്നത്.
കുറച്ചുനാളായി ഈ ഭാഗത്ത് മദ്യപാനികളുടെ ശല്യമുണ്ടെന്നും ഇടറോഡുകളില്‍ പോലീസ് പട്രോളിംഗ് ശക്തമാകാത്തതാണ് പ്രശ്നത്തിനു കാരണമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
ഒഴിഞ്ഞ മദ്യക്കുപ്പികള്‍ ചിതറിക്കിടക്കുന്നതില്‍ ചിലതില്‍ വാഹനങ്ങള്‍ കയറി കുപ്പിച്ചില്ലുകള്‍ പരന്നുകിടക്കുന്നതും അപൂര്‍വമല്ല. മിനറല്‍ വാട്ടറുകളുടെ കുപ്പികള്‍ കിടക്കുന്നത് റോഡിന്റെ മറുവശത്താണ്. ഇവ കുറച്ചുദിവസം കഴിയുമ്പോള്‍ ആക്രി പെറുക്കുന്നവര് എടുത്തുകൊണ്ടു പോകുകയും ചെയ്യും.
ബിവറേജസുകളില്‍ നിന്നും അല്ലാതെയും മദ്യം വാങ്ങുന്നവരാണ് കമ്പനികൂടി കുപ്പികള്‍ പാതയോരത്ത് തള്ളുന്നത്. സാമൂഹ്യവിരുദ്ധര്‍ സ്ഥലത്ത് തമ്പടിക്കുന്നത് അര്‍ദ്ധരാത്രിയോടടുത്ത അവസരങ്ങളില്‍ പ്രദേശവാസികള്‍ക്ക് അരോചകമാകുന്നുണ്ട്.
ഉറക്കം കെടുത്തുന്ന വിധത്തിലുള്ള അട്ടഹാസങ്ങളും ബഹളങ്ങളും കേള്‍ക്കുന്നുണ്ടെന്ന പരാതിയും നാട്ടുകാര്‍ക്കുണ്ട്.