മഴ തകർത്തു; നഗരം വെള്ളക്കെട്ടിലായി
1547570
Saturday, May 3, 2025 7:15 AM IST
തിരുവനന്തപുരം: ഒരിടവേളയ്ക്കു ശേഷം അപ്രതീക്ഷിതമായി പെയ്ത വേനൽ മഴയിൽ നഗരം വെള്ളക്കെട്ടിലായി. ഇന്നലെ വൈകുന്നേരം അഞ്ചോടെ പെയ്തു തുടങ്ങിയ അതിശക്തമായ മഴ ഒന്നര മണിക്കൂറോളം തുടർന്നതോടെയാണ് നഗരവാസികൾ ദുരിതത്തിലായത്. കനത്ത മഴയിൽ തന്പാനൂർ, ചാല, വഞ്ചിയൂർ, ഗൗരീശപട്ടം എന്നിവിടങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗത തടസമുണ്ടായി.
താഴ്ന്ന പ്രദേശങ്ങളിലെ കടകളിലും വീടുകളിലും ഒഫീസുകളിലും വെള്ളം കയറിയതും ജനത്തെ ദുരിതത്തിലാക്കി. കനത്ത മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലുമുണ്ടായതോടെ പലയിടത്തും വൈദ്യുതി ബന്ധവും തകരാറിലായി. നിരവധി സ്ഥലങ്ങളിൽ മരങ്ങൾ ഒടിഞ്ഞുവീണു. തന്പാനൂർ റെയിൽവേസ്റ്റേഷനിൽ വെള്ളം കയറിയത് ട്രെയിൻ ഗതാഗതത്തെ ബാധിച്ചു. മിക്ക ട്രെയിനുകളും വൈകിയാണ് സർവീസ് ആരംഭിച്ചത്.
നന്തൻകോട് ക്ലിഫ് ഹൗസ് പരിസരത്തും കവടിയാർ, വലിയവിള, കമലേശ്വരം, മുടവൻമുകൾ, തിരുമല, മെഡിക്കൽ കോളേജ് ചാലക്കുഴി റോഡ്, കൈമനം തിരുവല്ലം എന്നിവിടങ്ങളിൽ റോഡരികിൽ നിന്നിരുന്ന മരം ഒടിഞ്ഞുവീണ് നാശനഷ്ടങ്ങളുണ്ടായി. നാലാഞ്ചിറ പാറോട്ടുകോണത്തും കുടപ്പനക്കുന്നിലും വീടുകളുടെ മുകളിലേക്കും മരം വീണു.
മലയോര മേഖലയിൽ മണിക്കൂറുകൾ നീണ്ട കനത്ത മഴയാണുണ്ടായത്. അരുവിക്കര ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ അണക്കെട്ടിലെ ഷട്ടറുകൾ ഇന്നലെ വൈകുന്നേരം 10 സെന്റിമീറ്റർ ഉയർത്തിയിരുന്നു.
തിരുവനന്തപുരം ചെങ്കോട്ട റോഡിൽ മിക്കയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗതകുരുക്കിന് ഇടയാക്കി. ഇളവട്ടം, കുറുപുഴ ഭാഗങ്ങളിലാണ് വെള്ളക്കെട്ടുണ്ട ായത്. കുറുപുഴ വെന്പ് ക്ഷേത്രം ആലുംകുഴി ഇളവട്ടം റോഡിൽ കലുങ്ക് നിർമാണം നടക്കുന്നതിനാൽ ഗതാഗതപ്രശ്നം രൂക്ഷമാക്കി. വഴയില ഇളവട്ടം ഭാഗങ്ങളിലും വെള്ളക്കെട്ട് പ്രശ്നം രൂക്ഷമായി തുടരുകയാണ്.
അതിനിടയിൽ മഴയ്ക്കൊപ്പം വീശയ ശക്തമായ കാറ്റിൽ പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണു. പേട്ട ആനയറ തെങ്ങ് വീണു ഗതാഗതം തടസപ്പെട്ടു. ചാക്ക ഫയർ ഫോഴസ് എത്തിയാണ് മരങ്ങൾ മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്. കല്ലുംമൂട് ഇലക്ട്രിക് ലൈനിലൂടെ വീണ തേക്കുമരം അഗ്നിരക്ഷാസേന മുറിച്ചു മാറ്റി.