മാട്രിമോണിയല്വഴി രണ്ടരലക്ഷം തട്ടിപ്പുനടത്തിയ യുവാവ് അറസ്റ്റില്‍
1547831
Sunday, May 4, 2025 7:10 AM IST
മെഡിക്കല്‍കോളജ്: ഒരു പ്രമുഖ പത്രത്തിന്റെ മാട്രിമോണിയല്‍ സൈറ്റുവഴി തട്ടിപ്പുനടത്തിയ ആളെ മെഡിക്കല്‍കോളജ് പോലീസ് അറസ്റ്റുചെയ്തു. തൃശൂര്‍ ചേലക്കര സെന്റ് ജോണ്‍സ് സ്കൂളിനു സമീപം കുടക്കാട്ടില്‍ വീട്ടില്‍ കെ. അജീഷ് (35) ആണ് അറസ്റ്റിലായത്.
പരസ്യംകണ്ടു വിളിച്ച തിരുവനന്തപുരം സ്വദേശിനിയായ 44-കാരിയുമായി ഇയാള്‍ ചങ്ങാത്തം സ്ഥാപിക്കുകയും വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് സ്ഥിരമായി ഫോണ്‍സംഭാഷണം നടത്തുകയും ചെയ്തു.
യുവതിയെ കാണുന്നതിനു പ്രതി തിരുവനന്തപുരത്ത് എത്തുകയും വിവാഹ വാഗ്ദാനം നല്കി ഇവരില്‍നിന്ന് പലസമയത്തായി 2.5 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. താന്‍ കബളിപ്പിക്കപ്പെട്ടുവെന്നു മനസിലായതോടെയാണു യുവതി പരാതിയുമായി എത്തിയത്.
കഴക്കൂട്ടം എസി ജെ.കെ. ദിനിലിന്റെ നിര്‍ദേശപ്രകാരം മെഡിക്കല്‍കോളജ് സിഐ ബി.എം. ഷാഫി, എസ് ഐ ലഞ്ചുലാല്‍, സിപിഒമാരായ വിനോദ്, രാജേഷ്, ബിനു, ഫിറോസ് എന്നിവര്‍ തമ്പാനൂര്‍ കെഎസ്ആര്‍ടിസി ടെര്‍മിനലിനു സമീപത്തുവച്ചാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.