കുണ്ടും കുഴിയും നിറഞ്ഞ് കുടപ്പനക്കുന്ന് റോഡ്
1547825
Sunday, May 4, 2025 6:58 AM IST
കുഴിയില്‍വീണ് വാഹനയാത്ര ദുഷ്കരം
പേരൂര്‍ക്കട: കുടപ്പനക്കുന്ന് റോഡ് കുണ്ടും കുഴിയുമായതോടെ കുഴയില്വീണു വാഹനയാത്രികര്‍ക്ക് പരിക്കേല്‍ക്കുന്നത് നിത്യസംഭവമായി. കുടപ്പനക്കുന്ന് ജംഗ്ഷനില്‍ നിന്ന് ഗവ. യുപിഎസ്സിനു സമീപത്തുകൂടി പേരൂര്‍ക്കടയിലേക്കു വന്നുചേരുന്ന റോഡാണ് തകര്‍ന്ന നിലയിലായത്. റോഡ് ടാര്‍ചെയ്തിട്ട് ഏകദേശം നാലുവര്‍ഷം കഴിഞ്ഞു. ഗവ. യുപിഎസ് പിന്നിടുന്ന വേളയിലാണ് കൊടുംവളവുള്ളത്.
ഈ വളവു തിരിഞ്ഞാണു മേരിഗിരി സ്കൂളിലേക്കും പോകുന്നത്. ഇവിടമാണ് ടാര്‍ ഇളകി മെറ്റലുകള്‍ പുറത്തുകാണുന്ന അവസ്ഥയില്‍ ആയിട്ടുള്ളത്. വളവുതിരിഞ്ഞുവരുന്ന വാഹനങ്ങള്‍ എത്ര ശ്രമിച്ചാലും കുഴിയില്‍ വീഴാതെ കടന്നുപോകാന്‍ സാധിക്കില്ല. അതേസമയം റോഡിന്റെ ടാറിംഗുമായി ബന്ധപ്പെട്ടു ഫണ്ടു അനുവദിച്ചിട്ടുണ്ടെന്നാണ് കുടപ്പനക്കുന്ന് വാര്‍ഡ് കൗണ്‍സിലര്‍ എസ്. ജയചന്ദ്രന് നായര്‍ പറയുന്നത്. എംഎല്‍എ ഫണ്ടാണ് ഇതിന് വകയിരുത്തിയിട്ടുള്ളതെന്നും വലിയൊരു പദ്ധതിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
പേരൂര്‍ക്കട ബാപ്പുജി ഗ്രന്ഥശാലയ്ക്കു സമീപത്തുനിന്നു തുടങ്ങി ഹാര്‍വിപുരം, കൃഷ്ണാനഗര്‍ വഴി കുടപ്പനക്കുന്നിലേക്ക് ടാറിംഗ് നീളുമെന്നും ഘട്ടംഘട്ടമായാണ് ഇതിന് ഫണ്ട് അനുവദിക്കുന്നതെന്നും കൗണ്‍സിലര്‍ വ്യക്തമാക്കുന്നു. അതേസമയം ഒരുമാസംകൂടി പിന്നിടുമ്പോള്‍ മഴക്കാലമെത്തുമെന്നും മഴക്കാലം കഴിയുമ്പോള്‍ നഗരസഭാ ഭരണകാലാവധി അവസാനിക്കുമെന്നും പിന്നെ എന്തര്‍ത്ഥത്തിലാണ് ടാറിംഗ് ഉടനെ നടത്തുമെന്ന് അധികൃതര്‍ പറയുന്നതെന്നുമാണ് നാട്ടുകാരുടെ ചോദ്യം.