പ്രതീക്ഷകള്‍ അസ്തമിച്ചു; വേട്ടമുക്ക് പാര്‍ക്കിനു നവീകരണം ഇല്ല
1547824
Sunday, May 4, 2025 6:58 AM IST
പേരൂര്‍ക്കട: പാങ്ങോട് വാര്‍ഡില്‍ ഉള്‍പ്പെടുന്ന വേട്ടമുക്ക് പാര്‍ക്കിന്റെ നവീകരണം ഉണ്ടാകില്ലെന്ന് ഉറപ്പായി. ഇതോടെ ജനങ്ങളുടെ പ്രതീക്ഷയും അസ്ഥാനത്തായി. ഏകദേശം 30 വര്‍ഷത്തിനുമുമ്പാണ് പൂജപ്പുര-വേട്ടമുക്ക് റോഡില്‍ ജനങ്ങള്‍ക്കായി തിരുവനന്തപുരം നഗരസഭ പാര്‍ക്ക് ഒരുക്കിയത്.
എന്നാല്‍ വര്‍ഷങ്ങളായി ഇവിടെ വികസനപ്രവര്‍ത്തനങ്ങളൊന്നും നടന്നില്ല. ഒരുവര്‍ഷം മുമ്പ് പാര്‍ക്കിനുള്ളില്‍ മെറ്റലുകള്‍ ഇറക്കുകയും ഇഷ്ടികകള്‍ അടുക്കിവയ്ക്കുകയും ചെയ്തപ്പോള്‍ ജനങ്ങളുടെ പ്രതീക്ഷയ്ക്കു ജീവന് വച്ചിരുന്നു.
കുട്ടികള്‍ക്കുള്ള പാര്‍ക്ക്, വയോധികര്‍ക്കുള്ള ഇരിപ്പിടങ്ങള്‍, ഫൗണ്ടന്, തെരുവുവിളക്കുകള്‍, ഇന്റര്‍ലോക്ക് നടപ്പാത എന്നിവയെല്ലാം സ്വപ്നം കണ്ടവര്‍ക്ക് അതു സ്വപ്നമായി തന്നെ അവശേഷിച്ചു.
യാത്രികരും പ്രദേശവാസികളായ വയോധികരും അവഗണനയില്ക്കിടക്കുന്ന പാര്‍ക്കില്‍ ഇപ്പോഴും വന്നിരിക്കുന്നുണ്ടെങ്കിലും യാതൊരു അടിസ്ഥാന സൗകര്യവും ഇവിടെയില്ല. നഗരപരിധിയിലുള്ള മിക്ക പാര്‍ക്കുകളും തിരുവനന്തപുരം നഗരസഭ ഇടപെട്ട് മോടിപിടിപ്പിക്കുമ്പോഴാണ് വേട്ടമുക്ക് പാര്ക്കിന് ഈ ദുര്‍ഗതി.