പരുത്തിപ്പാറ-അമ്പലമുക്ക് ജംഗ്ഷന് റോഡ് വീതികൂട്ടല്‍ പുതുക്കി നിശ്ചയിച്ചു
1547584
Saturday, May 3, 2025 7:26 AM IST
പേരൂര്‍ക്കട: പരുത്തിപ്പാറ-അമ്പലമുക്ക് ജംഗ്ഷന് റോഡ് വീതികൂട്ടല്‍ പുതുക്കി നിശ്ചയിച്ചു. കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്നമാണ് ഇതിനു കാരണമെന്നു സൂചന. പരുത്തിപ്പാറ ജംഗ്ഷന് മുതല്‍ അമ്പലമുക്ക് ജംഗ്ഷന് വയെുള്ള വാഹനക്കുരുക്ക് ഒഴിവാക്കുന്നതിനാണ് റോഡ് വീതികൂട്ടല്‍ അനിവാര്യമായിരുന്നത്.
റോഡിന്റെ ഇരുവശത്തുമായി മൊത്തം മൂന്നു മീറ്റര്‍ വീതി വര്‍ധിപ്പിക്കാനായിരുന്നു തീരുമാനം. അതിനിടെ സാന്ത്വന ജംഗ്ഷന്‍വരെ മാത്രം വീതികൂട്ടുകയും അമ്പലമുക്ക് ജംഗ്ഷന്‍വരെയുള്ള 160 മീറ്റര്‍ അതേപടി നിലനിര്‍ത്തുകയും ചെയ്യാനുള്ള തീരുമാനം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
അതിനിടെയാണ് നിലവില്‍ അമ്പലമുക്ക് ജംഗ്ഷന് മുതല്‍ ജലവിജ്ഞാനഭവന് വരെയുള്ള അരകിലോമീറ്ററോളം വരുന്ന റോഡ് മാത്രം വീതികൂട്ടാന്‍ തത്ത്വത്തില്‍ തീരുമാനമായിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട പാരിസ്ഥിതികാഘാത പഠനം ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നു വി.കെ.പ്രശാന്ത് എംഎല്‍എ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍കോളജിനെയും എംസി റോഡിനെയും തിരുവനന്തപുരം നഗരവുമായി ബന്ധിപ്പിക്കുന്ന സുപ്രധാന റോഡാണ് പരുത്തിപ്പാറ-അമ്പലമുക്ക് റോഡ്. ഇത് ഏകദേശം മൂന്നരകിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്നതാണ്. നിലവില്‍ പ്രസ്തുത റോഡ് റീടാര്‍ ചെയ്ത് പൂര്‍ത്തീകരിച്ചിരിക്കുകയാണ്.
അതേസമയം പരുത്തിപ്പാറ മുതല്‍ മുട്ടട സബ്രജിസ്ട്രാര്‍ ഓഫീസ് റോഡ് വരെ ആവശ്യത്തിനു വീതിയുണ്ടെന്നും ബാക്കിയുള്ള ഭാഗത്തെ പ്രവൃത്തി പൂര്‍ത്തീകരിച്ചാല്‍ മതിയായിരുന്നുവെന്നും ഡിസിസി അംഗവും മുട്ടട സ്വദേശിയുമായ മുട്ടട അജിത്ത് പറഞ്ഞു.
സാമ്പത്തിക പ്രശ്നത്തിന്റെ പേരുപറഞ്ഞ് റോഡ് വീതികൂട്ടല്‍ പ്രഹസനമാക്കാനുള്ള നടപടി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.