സ്ത്രീത്വത്തെ അപമാനിച്ച കേസ്: പ്രതികളായ യുവാക്കളെ കോടതി വിട്ടയച്ചു
1547833
Sunday, May 4, 2025 7:10 AM IST
വലിയതുറ: വര്‍ഷങ്ങള്‍ നീണ്ട വിചാരണക്കെടുവില് പ്രതികളായ യുവാക്കളെ കോടതി വിട്ടയച്ചു. സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ അറസ്റ്റിലായ സനോഫര്‍ കബീര്‍ (32), സുലൈമാന്‍ സജീര്‍ (30) എന്നിവരെയാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിട്ടയച്ചത്. 15 വര്‍ഷത്തോളംനീണ്ട വിചാരണക്കൊടുവിലായിരുന്നു നടപടി.
കേസിനിടയായ സംഭവം നടന്നത് 2010 -ല്‍ ആയിരുന്നു. പരിചയക്കാരിയായ യുവതിയെ ഭീഷണിപ്പെടുത്തി ഫോട്ടോയെടുത്തശേഷം മോര്‍ഫ് ചെയ് ത് പ്രചരിപ്പിച്ചെന്നും വലിയതുക ആവശ്യപ്പെട്ടെന്നുമായിരുന്നു കേസ്. വലിയതുറ പോലീസ് അറസ്റ്റു ചെയ്ത പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ഫൊറന്‍സിക് പരിശോധനാഫലം ലഭിക്കാന്‍ വൈകിയാതാണു വിചാരണ നീളാന്‍ ഇടയായത്.
ഫൊറന്‍സിക് പരിശോധനയില്‍ ഇരുവര്‍ക്കുമെതിരായ കുറ്റം തെളിയിക്കാനായില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതികള്‍ക്കു വേണ്ടി അഭിഭാഷകരായ സാന്ടി ജോര്‍ജ്, ആര്. ചന്ദ്രപ്രവീണ് എന്നിവര്‍ ഹാജരായി.