വെയിലേറ്റ് തളർന്ന് നാട്ടുകാർ
1547572
Saturday, May 3, 2025 7:15 AM IST
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്മീഷനിംഗ് നാടിന്റെ ആഘോഷമായി മാറിയെങ്കിലും കനത്ത ചൂട് നാട്ടുകാരെ തളർത്തി. പ്രധാനമന്ത്രിയേയും കണ്ട് തുറമുഖവും കൂറ്റൻ കപ്പലും കണ്ടെയ്നർ ഇറക്കുന്നതുമെല്ലാം വീക്ഷിച്ച് മടങ്ങാമെന്ന് കരുതി കുട്ടികളും സ്ത്രീകളും മുതിർന്നവരും അടങ്ങുന്ന ആയിരങ്ങളാണ് ഇന്നലെ വിഴിഞ്ഞത്ത് എത്തിയത്.
തുറമുഖ കവാടമായ മുല്ലൂർ കലുങ്ക് നടയിൽ വാഹനങ്ങളിൽ ഇറങ്ങിയവർക്ക് വേദിയിൽ കയറാൻ ഒരു കിലോമീറ്ററോളം നടക്കേണ്ടി വന്നു. തൊപ്പിയും കുടയും അനുവദിക്കില്ലെന്ന അധികൃതരുടെ നിർദേശം ജനത്തെ വലച്ചു. ഒരു കിലോമീറ്ററോളം നടന്ന് വിയർത്ത് കുളിച്ചെത്തിയവരെ എതിരേറ്റത് സുരക്ഷാ പരിശോധനയ്ക്കുള്ള നീണ്ട ക്യൂവായിരുന്നു.
ഒരു മറപോലുമില്ലാതെ കടുത്ത വെയിലും കൊണ്ട് ഭൂരിഭാഗം പേരും തളർന്നു. ഒടുവിൽ സുരക്ഷാ പരിശോധനയെന്ന കടമ്പയും കടന്ന് വേദിയിൽ എത്തിയവരെ എതിരേറ്റത് പൊരിഞ്ഞ വെയിലായിരുന്നു. ശക്തമായി വെയിലടിക്കുന്ന തുറമുഖത്തായിരുന്നു ആയിരങ്ങൾക്ക് ഇരിപ്പിടമൊരുക്കിയുള്ള വേദി പണിതിരുന്നത്.
മണിക്കൂറോളം വേദിക്കുള്ളിൽ ഇരുന്ന് തളർന്നവർ പ്രസംഗം കേൾക്കാൻ പോലും ക്ഷമ കാണിക്കാതെ വേദിവിട്ടു. പുറത്തിറങ്ങുന്നവർ ചുട്ടുപൊള്ളുന്ന വെയിലും താണ്ടിയാരുന്നു വാഹന പാർക്കിംഗ് സ്ഥലത്ത് തിരിച്ച് എത്തിയത്. ഒടുവിൽ വാഹനങ്ങൾ തേടിയുള്ള പരക്കംപാച്ചിലും ദയനീയമായിരുന്നു.