മെഡി​ക്ക​ല്‍​കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം ആ​ര്‍സിസി​യി​ലെ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ആ​ര്‍സിസി സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ര്‍​മാ​ന്‍ ശ്രീ​കാ​ര്യം ശ്രീ​കു​മാ​ര്‍ മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി ന​ല്‍​കി.

ആ​ര്‍സിസിയി​ലെ സ​ര്‍​ജ​നും ഓ​ങ്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ ഡോ​ക്ട​ര്‍​ക്കെ​തി​രേ​യാ​ണ് ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​ട്ടു​ള്ള​ത്. ഡോ​ക്ട​ര്‍ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ന്നി​ല്ലെ​ന്നും ജൂ​ണിയ​ര്‍ ഡോ​ക്ട​ര്‍​മാ​രെ ഉ​പ​യോ​ഗി​ച്ച് ശ​സ്ത്ര​ക്രി​യ​യ്ക്ക് കാ​ല​താ​മ​സം ഉ​ണ്ടെ​ന്നും എ​ത്ര​യും വേ​ഗം ശ​സ്ത്ര​ക്രി​യ ചെ​യ്തി​ല്ലെ​ങ്കി​ല്‍ രോ​ഗം വ​ര്‍​ധിക്കു​മെ​ന്നും പ​റ​യിപ്പിച്ചു രോഗികളെ ഭയ​പ്പെ​ടു​ത്തി ഇ​വ​രെ സ്വ​കാ​ര്യാ​ശു​പ​ത്രി​ക​ളി​ലേ​ക്കു പ​റ​ഞ്ഞ​യ​യ്ക്കു​ന്നുവെന്നാണ് ആ​രോ​പ​ണം.

ഡോ​ക്ട​ര്‍​മാ​രു​ടെ സ്വ​കാ​ര്യ​പ്രാ​ക്ടീ​സ് ആ​ര്‍​സി​സി​യി​ല്‍ നി​രോ​ധി​ച്ചി​ട്ടു​ള്ള​താ​ണ്. ആ​രോ​പ​ണ​വി​ധേ​യ​നാ​യ ഡോ​ക്ട​ര്‍ ഉ​ള്‍​പ്പെ​ടെ ഡ്യൂ​ട്ടി സ​മ​യ​ത്ത് പു​റ​ത്തു​പോ​കു​ന്നു​ണ്ടെ​ന്നും സിസി​ടിവി കാമ​റ​ക​ളി​ലൂ​ടെ ഇ​തി​ന്‍റെ നി​ജ​സ്ഥി​തി ക​ണ്ടെ​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​മു​ണ്ട്. കാ​ന്‍​സ​ര്‍ രോ​ഗ​ബാ​ധി​ത​രാ​യി​ട്ടു​ള്ള കേ​ര​ള​ത്തി​ലെ ഒ​ട്ടു​മി​ക്ക പാ​വ​പ്പെ​ട്ട രോ​ഗി​ക​ളും ചി​കി​ത്സ​യ്ക്കാ​യി ആ​ദ്യപ​രി​ഗ​ണ​ന ന​ല്‍​കു​ന്ന സ്ഥാ​പ​ന​മാ​ണ് തി​രു​വ​ന​ന്ത​പു​രം ആ​ര്‍​സി​സി.

അ​തു​കൊ​ണ്ടു​ത​ന്നെ പു​റ​ത്തു​വ​രു​ന്ന വാ​ര്‍​ത്ത​ക​ള്‍ സ​ത്യ​മാ​ണെ​ങ്കി​ല്‍ അ​ത് പാ​വ​പ്പെ​ട്ട രോ​ഗി​ക​ളോ​ടു​ള്ള കൊ​ടും​ക്രൂ​ര​ത​യും രോ​ഗി​ക​ള്‍​ക്ക് ചി​കി​ത്സ നി​ഷേ​ധി​ക്ക​ലു​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ കാ​ര്യ​ക്ഷ​മ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി വ​സ്തു​ത​ക​ള്‍ വെ​ളി​ച്ച​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​ണ് പ​രാ​തി​യി​ലെ ആ​വ​ശ്യം.