കൂരാച്ചുണ്ട് ടൗണിലെ ഓവുചാലിലൂടെ മലിനജലം; നടപടി വേണമെന്ന്
1227635
Thursday, October 6, 2022 12:05 AM IST
കൂരാച്ചുണ്ട്: അങ്ങാടിയിലെ ഓവുചാലിലൂടെ മലിനജലം ഒഴുക്കുന്നത് അവസാനിപ്പിക്കാൻ പഞ്ചായത്ത് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സിപിഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. അങ്ങാടിയിലെ ചില സ്ഥാപനങ്ങളിനിന്നും വൻതോതിൽ മലിനജലം ഒഴുക്കുന്നുണ്ട്.
ഇത് തടയാൻ പഞ്ചായത്ത് യാതൊരു നടപടിയും എടുക്കുന്നില്ലെന്ന് യോഗം ആരോപിച്ചു. ടാക്സി സ്റ്റാന്റിന് സമീപത്തും മറ്റും ദുർഗന്ധം വമിക്കുന്നുണ്ട്. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലായിരുന്നുവെന്നും മഴക്കാലത്തിന് മുൻപ് ഓവുചാലുകൾ വൃത്തിയാക്കാത്തതാണ് ഇതിന്
കാരണമായതെന്നും യോഗം അഭിപ്രായപ്പെട്ടു.
ഓവുചാൽ വഴി മാലിനജലം അങ്ങാടിത്തോട്ടിലേക്ക് ഒഴുകുന്നതുമൂലം തോട് മലിനമാകാൻ കാരണമാകുന്നുണ്ട്. ഇക്കാര്യം പലതവണ പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും യോഗം കുറ്റപ്പെടുത്തി. കൂരാച്ചുണ്ട് അങ്ങാടിയിലെ ഓവുചാലിലൂടെ മലിന ജലം ഒഴുക്കുന്നത് കർശനമായി തടയണമെന്ന് യോഗം പഞ്ചായത്ത് ഭരണ സമിതിയോട് ആവശ്യപ്പെട്ടു. ടി.കെ.ശിവദാസൻ അധ്യക്ഷത വഹിച്ചു. എ.കെ.പ്രേമൻ, എം.കുട്ട്യാലി, പി.കെ.സോബിൻ, വി.എം.വിനു, പ്രവീൺ, ഗോപിനാഥൻ, എന്നിവർ പ്രസംഗിച്ചു.