ടൂറിസ്റ്റ് ബസിന്റെ ടയർ ഊരിത്തെറിച്ചു; വൻ അപകടം ഒഴിവായി
1245889
Monday, December 5, 2022 12:42 AM IST
നാദാപുരം: വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസിന്റെ ടയർ ഓടിക്കൊണ്ടിരിക്കെ ഊരി തെറിച്ചു. ഒഴിവായത് വൻ അപകടം.
ശനിയാഴ്ച രാത്രി 10.45 ന് നാദാപുരം - കല്ലാച്ചി സംസ്ഥാന പാതയിലാണ് അപകടം ഉണ്ടായത്. പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് മൈസുരുവിൽ സന്ദർശനം നടത്തി തിരിച്ചു വരികയായിരുന്ന സ്കൈ ലാർക്ക് ടൂറിസ്റ്റ് ബസാണ് അപകടത്തിൽ പെട്ടത്.
സംഭവ സമയം 48 വിദ്യാർഥികളും അഞ്ച് അധ്യപകരുമാണ് ബസിൽ ഉണ്ടായിരുന്നത്. ഡ്രൈവറുടെ പിന്നിലെ ടയർ ഊരി റോഡിലേക്ക് തെറിച്ച് പോവുകയായിരുന്നു.
ആർക്കും പരിക്കില്ല. കർണാടക കുട്ടയിൽ വച്ച് ബസിന്റെ ടയറുകൾ അഴിച്ച് മാറ്റുകയും കാറ്റ് നിറക്കുകയും ചെയ്തതായി വിദ്യാർഥികൾ പറഞ്ഞു.
ഈ സമയത്ത് നട്ടുകൾ ശരിയായി ഘടിപ്പിക്കാത്തതാവാം ടയർ ഊരി തെറിക്കാനിടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാരായ വിദ്യാർഥികളെ മറ്റ് വാഹനങ്ങളിൽ സ്കൂളിലെത്തിച്ച് രക്ഷിതാക്കൾക്കൊപ്പം വിട്ടു.