വീട് കുത്തിത്തുറന്ന് മോഷണം
1263533
Tuesday, January 31, 2023 12:06 AM IST
കൊയിലാണ്ടി: കൊല്ലം യുപി സ്കൂളിന് സമീപം വീട് കുത്തിത്തുറന്ന് മോഷണം.
സ്കൂളിന് എതിര്‍വശത്തുള്ള പ്രശാന്തിയില്‍ ജനാര്‍ദ്ദനന്റെ വീട്ടിലാണ് കള്ളന് കയറിയത്.കഴിഞ്ഞ ദിവസം രാത്രി ഒന്നോടെയായിരുന്നു സംഭവം. ജനാര്‍ദ്ദനനും ഭാര്യ ശാന്തയും മകന് അനീഷും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നു.
രാത്രി അസ്വാഭാവികമായ ശബ്ദം കേട്ട് ജനാര്‍ദ്ദനനും ഭാര്യയും മുറിയില്‍ നിന്നും പുറത്തിറങ്ങിയപ്പോൾ അടുക്കള ഭാഗത്തെ ആദ്യത്തെ വാതില്‍ പൊളിച്ച നിലയിലായിരുന്നു. ജനാര്‍ദ്ദന്‍ മകനെ വിളിക്കാന്‍ പോയ സമയത്ത് രണ്ടാമത്തെ വാതില്‍ തകര്‍ത്ത് അകത്തേക്ക് കടന്ന കള്ളന് ഇടനാഴിയിലുണ്ടായിരുന്ന ശാന്തയുടെ കഴുത്തിലെ രണ്ടര പവനോളം വരുന്ന മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. മകന് പിറകെ ഓടിയെങ്കിലും കള്ളനെ പിടികൂടാനായില്ല. അതേ സമയം കൊയിലാണ്ടി ബസ് സ്റ്റാൻഡിലെ ബെല്ല ബ്യൂട്ടി പാർലർ, ഡ്രീം ഫ്രയിം, മീനാസ് ലേഡീസ് ടെയ്ലറിംഗ് എന്നീ കടകളിലും കള്ളൻ കയറിയെങ്കിലും ഇവിടെ നിന്നും ഒന്നും ലഭിച്ചില്ല. കൊയിലാണ്ടി പോലീസില്‍ പരാതി നല്കി. സിഐ എൻ.സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി വീടും, കടകളും പരിശോധിച്ചു.